| Tuesday, 19th July 2022, 10:12 am

'കേരളത്തിന് അംഗീകരിക്കാനാകാത്ത നിലപാട്, പിന്തുണക്കില്ല'; ജി.എസ്.ടി നിരക്കുവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ധനവിന് കാരണമാകുന്ന ജി.എസ്.ടി നിരക്കുവര്‍ധന പിന്‍വലിക്കണം എന്ന് കേരളം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസഹമാക്കുന്ന നടപടികളെ കേരളം ഒരു നിലയിലും പിന്തുണക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറയി വിജയന്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് വീണ്ടും കത്തയച്ചെന്നും ധനമന്ത്രി പറഞ്ഞു.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ജി.എസ്. ടി നിരക്കുസംബന്ധിച്ച കേന്ദ്ര വിജ്ഞാപനം സംബന്ധിച്ച് വ്യാപകമായ സംശയങ്ങളും വിമര്‍ശനങ്ങളും രാജ്യത്താകെ ഉയര്‍ന്നു വന്നിരിക്കുകയാണ്. ജി.എസ്.ടി നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും ജി.എസ്.ടി കൗണ്‍സില്‍ യോഗങ്ങളിലും ഈ വിഷയത്തില്‍ വളരെ കൃത്യമായി കേരളം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കരുതെന്നും ഉയര്‍ന്ന വിലയുള്ള ആഡംബര സാധനങ്ങളുടെ നികുതിയാണ് വര്‍ദ്ധിപ്പിക്കേണ്ടത് എന്നുമുള്ളതാണ് നമ്മുടെ സുവ്യക്തമായ നിലപാട്. എന്നാല്‍ ആഡംബര സാധനങ്ങളുടെ നികുതി കുറച്ചു കൊണ്ടുവരുന്ന നടപടികളാണ് രാജ്യത്ത് ഉണ്ടാകുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.

16 ശതമാനം വരെയുണ്ടായിരുന്ന റവന്യൂ ന്യൂട്രല്‍ നിരക്ക് ആഡംബര സാധനങ്ങളുടെ ജി.എസ്.ടി പല ഘട്ടങ്ങളിലായി കുറച്ചതിനെ തുടര്‍ന്ന് 11 ശതമാനത്തിലേക്ക് കുറയുകയുണ്ടായി. ഇത് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് സൃഷ്ടിച്ചത്. ഈ പ്രശ്‌നം ജി.എസ്.ടി കൗണ്‍സിലില്‍ കേരളം ചൂണ്ടിക്കാണിച്ചിരുന്നു.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

25 ഓളം വസ്തുക്കളുടെ വില നിലവാരം സംബന്ധിച്ച് ഒരു പഠനം നടത്തിയപ്പോള്‍ നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്ക് കുറച്ച ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ വിലക്കുറവ് വരാതിരിക്കുകയും കമ്പനികള്‍ക്ക് ലാഭം കൂടുകയും ചെയ്തു എന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. നികുതി കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തുന്നില്ല എന്ന് സാരം. ഇപ്പോള്‍ സാധാരണക്കാരുടെ നിത്യനിദാന ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന വസ്തുക്കള്‍ക്ക് വില വര്‍ധിപ്പിക്കുന്ന നിര്‍ദേശം വന്നപ്പോള്‍ അത് പാടില്ലെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്ന നിലപാടാണ് കേരളം ജി.എസ്.ടി യോഗങ്ങളില്‍ സ്വീകരിച്ചത്. എന്നാല്‍ നേരത്തേ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ വിലവര്‍ദ്ധനവിലൂടെ വന്നിരിക്കുന്നത്. പലചരക്ക് കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറിയ അളവില്‍ പായ്ക്കറ്റുകളാക്കി വില്‍ക്കുന്ന പലചരക്ക് സാധനങ്ങള്‍ക്കും വിലവര്‍ധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നു വന്നിട്ടുണ്ടെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

‘ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേരളത്തിനുള്ളത്. ഇതുസംബന്ധിച്ച് നേരത്തേ തന്നെ കേരളത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചതാണ്. ഇന്ന് ഇതേ വിഷയത്തില്‍ മുഖ്യമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിക്ക് വീണ്ടും കത്തയച്ചു.
അവശ്യ സാധനങ്ങളുടെ വില ഭീമമായി വര്‍ധിപ്പിക്കുന്നതും സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ നികുതി നിര്‍ദേശങ്ങളെ കേരളം പിന്തുണയ്ക്കില്ല. ഇപ്പോഴുണ്ടായിരിക്കുന്ന ആശങ്കകള്‍ പരിഹരിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: Chief Minister has again sent a letter to the Center requesting the withdrawal of the GST rate hike

Latest Stories

We use cookies to give you the best possible experience. Learn more