[] തിരുവനന്തപുരം: വാര്‍ഷിക വസ്തുവിവര പട്ടികയില്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ കൃത്രിമം കാണിച്ചുവെന്ന് വി.എസ് നിയമസഭയില്‍ ആരോപിച്ചു. ആരോപണം തെളിയിക്കുന്നതിനുള്ള രേഖകള്‍ സഭയില്‍ വയ്ക്കാന്‍ തയ്യാറാണെന്നും വി. എസ് പറഞ്ഞു. നിയമസഭയില്‍ സബ് മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്.
എന്നാല്‍ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സ്വത്തുക്കള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കമ്പനി കയ്യടക്കി വെച്ചിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുെമന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ഭയക്കുകയാണെന്നും ചീഫ് സെക്രട്ടറിയെ മാറ്റാന്‍ തയ്യാറാകുന്നില്ലെന്നും വി എസ് പറഞ്ഞു.
നേരത്തെ എഴുതി നല്‍കാത്തതിനാല്‍ വി എസ് ഉന്നയിച്ച സബ്മിഷന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് അനുമതി തേടി വിഎസ് സ്പീക്കര്‍ക്ക് കത്തുനല്‍കി.
തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിട്ടിയുടെ ഭൂമി കയ്യേറാന്‍ മുംബൈ ആസ്ഥാനമായ കമ്പനിക്ക് ചീഫ് സെക്രട്ടറി ഒത്താശ ചെയ്തുവെന്നും സ്വത്തുവിവരം സര്‍ക്കാരില്‍ നിന്നും മറച്ചുവെച്ചുവെന്നും വി.എസ് നേരത്തെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.