| Wednesday, 5th June 2024, 6:12 pm

ഒടുവില്‍ മുട്ടുകുത്തി ഷിന്‍ഡെയും; രാജിവെക്കാനുള്ള തീരുമാനത്തില്‍ ഫഡ്‌നാവിസിന് പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോക്‌സഭയിലെ പരാജയത്തെ തുടര്‍ന്ന് രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു ഷിന്‍ഡെയുടെ വിശദീകരണം.

സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് തന്നെ മാറ്റണമെന്നും ഔദ്യോഗിക പദവികളില്‍ നിന്ന് മാറി, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമാണ് ഫഡ്നാവിസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ശിവസേനയെയും എന്‍.സി.പിയെയും പിളര്‍ത്തി സംസ്ഥാനത്ത് ഭരണം പിടിച്ച ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നിലോട്ട് പോയതിനെ തുടര്‍ന്നാണ് രാജി സന്നദ്ധത അറിയിച്ച് ഫഡ്നാവിസ് രംഗത്തെത്തിയത്.

എന്നാല്‍ ഫഡ്‌നാവിസുമൊത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഷിന്‍ഡെ പറഞ്ഞു. രാജിസന്നദ്ധത അറിയിച്ച ഫഡ്‌നാവിസുമായി ഉടനെ കൂടിക്കാഴ്ച നടത്തുമെന്നും ഷിന്‍ഡെ വ്യക്തമാക്കി.

പരാജയങ്ങള്‍ നമ്മെ തളര്‍ത്തരുതെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമം താത്കാലിക വിജയമാണെന്നും ഏക്നാഥ് ഷിന്‍ഡെ പ്രസ്താവനയില്‍ പറഞ്ഞു. വികസന അജണ്ട മാത്രമാണ് ഇപ്പോള്‍ ലക്ഷ്യമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്റെ തെറ്റായ അവകാശവാദങ്ങളെ ചെറുക്കുന്നതില്‍ തങ്ങള്‍ കൂട്ടമായി പരാജയപ്പെട്ടവെന്നും ഷിന്‍ഡെ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വെറും ഒമ്പത് സീറ്റുകള്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി നേടിയത്. അതേസമയം ഇന്ത്യാ മുന്നണി 22 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ നേടിയത്. ഇതില്‍ കോണ്‍ഗ്രസിന്റെ 13 സീറ്റും ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഒമ്പത് സീറ്റുകളുമാണ് ഉള്‍പ്പെടുന്നത്.

കനത്ത തോല്‍വിക്ക് പിന്നാലെ വലിയ തിരിച്ചടിയാണ് മഹാരാഷ്ട്രയിലെ എന്‍.ഡി.എ നേതൃത്വം നേരിടുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍.ഡി.എയിലേക്ക് പോയ എന്‍.സി.പി അജിത് പവാര്‍ പക്ഷം തിരിച്ച് ഇന്ത്യാ മുന്നണിയുടെ ഭാഗമായേക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Content Highlight: Chief Minister Eknath Shinde supports Maharashtra Deputy Chief Minister Devendra Fadnavis’ decision to resign

We use cookies to give you the best possible experience. Learn more