| Wednesday, 26th April 2023, 4:15 pm

മാമുക്കോയ നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത നടനെന്ന് മുഖ്യമന്ത്രി; സ്‌ക്രീനില്‍ ജീവിച്ച മനുഷ്യനെന്ന് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ മാമുക്കോയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടു ജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്നും അദ്ദേഹത്തിന്റെ വേര്‍പാട് സാംസ്‌കാരിക കേരളത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മാമുക്കോയ നടനായിരുന്നില്ലെന്നും സ്‌ക്രീനില്‍ ജീവിച്ച മനുഷ്യനായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുസ്മരിച്ചു.

അഭിനയത്തിലും ജീവിതത്തിലും പുലര്‍ത്തിയ സ്വാഭാവികതയാണ് മാമുക്കോയയെ വ്യത്യസ്തനാക്കിയതെന്നും സിനിമയില്‍ കോഴിക്കോടന്‍ തനിമയുടെ മുഖമായിരുന്നു  അദ്ദേഹമെന്നും ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കലാ ലോകത്തിന്റെയും കുടുംബാംഗങ്ങളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

മലപ്പുറം കാളികാവില്‍ കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നര്‍മ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി.

നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

കെ.ടി. മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളില്‍ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വിലപ്പെട്ട പാഠപുസ്തമായി മാറി. ചലച്ചിത്ര പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Content Highlights: Chief Minister condoles Mamukoya’s death
We use cookies to give you the best possible experience. Learn more