| Saturday, 5th May 2018, 6:14 pm

'വരാപ്പുഴ കസ്റ്റഡി മരണം കേരളത്തിന് വലിയ നാണക്കേടാണുണ്ടാക്കിയത്'; മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ ക്‌സറ്റഡി മരണം സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ കരുത്തുറ്റ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“ശ്രീജിത്തിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയാണ് സ്വീകരിച്ചത്. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്”-മുഖ്യമന്ത്രി പറഞ്ഞു.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തു നിന്നും ഉണ്ടായി. എന്നാല്‍ അത് കൈയ്യോടെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


ALSO READ: വരാപ്പുഴ കസ്റ്റഡി മരണം; സംഘര്‍ഷത്തിലെ യഥാര്‍ത്ഥ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കോടതിയില്‍ കീഴടങ്ങി


അതേസമയം വരാപ്പുഴ സംഘര്‍ഷത്തിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയിരിക്കുകയാണ്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയില്‍ എത്തിയ ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഗൃഹനാഥനെ ആക്രമിച്ച കേസിലുള്‍പ്പെട്ട അജിത്, വിപിന്‍,തുളസീദാസ് എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നിവരാണ് കോടതിയിലെത്തി കീഴടങ്ങിയത്.

ഈ കേസില്‍ പ്രതിയെന്ന് ആരോപിച്ചായിരുന്നു വരാപ്പുഴയില്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുകയും പൊലീസുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ശ്രീജിത്ത് മരിക്കുകയും ചെയ്തത്. ഇതില്‍ തുളസീദാസ് എന്ന ശ്രീജിത്താണെന്ന് തെറ്റിദ്ധരിച്ചാണ് മരിച്ച ശ്രീജിത്തിനെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തിരുന്നത്.


ALSO READ: ‘തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പഞ്ചാബ് പുതുച്ചേരി പരിവാറായി കോണ്‍ഗ്രസ്സ് മാറും’; കോണ്‍ഗ്രസ്സിനെ പരിഹസിച്ച് മോദി


കൊല്ലപ്പെട്ട ശ്രീജിത്ത് നിരപരാധിയായിരുന്നെന്ന് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസമാദ്യമാണ് വരാപ്പുഴയില്‍ വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.

We use cookies to give you the best possible experience. Learn more