ഇംഫാല്‍: മണിപ്പൂരിലെ ജനങ്ങളോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം ഉണ്ടായതെന്നും അടുത്ത വര്‍ഷത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വളരെ നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടന്നതെന്നും കഴിഞ്ഞ മെയില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെന്നും ഒരുപാട് പേര്‍ക്ക് സ്വന്തം സ്ഥലം വിട്ട് പോവേണ്ടി വന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ബിരേന്‍ സിങ് പറഞ്ഞത്.
‘ഈ വര്‍ഷം മുഴുവന്‍ വളരെ നിര്‍ഭാഗ്യകരമായിരുന്നു. കഴിഞ്ഞ മെയ് 3 മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടുവിട്ടിറങ്ങി. എനിക്ക് ഖേദം തോന്നുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ രണ്ട് മൂന്ന് മാസത്തെ സ്ഥിതി വിലയിരുത്തുമ്പോള്‍ അ
ടുത്ത വര്‍ഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നു,’ ബിരേന്‍ സിങ് പറഞ്ഞു.
അടുത്ത വര്‍ഷത്തോടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് കരുതുന്നുവെന്നും കഴിഞ്ഞ കുറച്ചുമാസത്തെ പുരോഗതി നോക്കുമ്പോള്‍ കാര്യങ്ങള്‍ പഴയനിലയിലേക്ക് എത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബിരേന്‍ സിങ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയിലാണ് മണിപ്പൂരിലെ സ്ഥിതിഗതികള്‍ വഷളാവുന്നത്. അന്നുമുതല്‍ ഈ വര്‍ഷം അവസാനം വരെ 200ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
അനുദിനം കലാപം വര്‍ധിച്ചുവന്നിട്ടും മണിപ്പൂരിന് നീതി ലഭിച്ചിരുന്നില്ല. നിലവിലും കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിനോട് കണ്ണടയ്ക്കുന്ന സമീപനം തന്നെയാണ് സ്വീകരിച്ചുപോരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യം 2023 മെയ് മുതല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ഇതുവരെ സന്ദര്‍ശനമൊന്നും ഉണ്ടായിട്ടില്ല.
ഈ വര്‍ഷം നവംബര്‍ ഏഴിന് ജിരിബാമില്‍ യുവതി കൊല്ലപ്പെട്ടതോടുകൂടിയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. പിന്നാലെ സംഘര്‍ഷം തുടരുകയും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമുള്‍പ്പെടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ മണിപ്പൂരിലെ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ഭരണപക്ഷമായ ബി.ജെ.പിയിലുള്‍പ്പെടെ ഭിന്നതകളുണ്ടാവുകയും പ്രതിഷേധാര്‍ഹം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് രാജി വെക്കുകയും ചെയ്തിരുന്നു.
Content Highlight: Chief Minister Biren Singh apologized to the people of Manipur