| Thursday, 15th August 2019, 11:26 am

'നോട്ടടിക്കുന്ന യന്ത്രം കയ്യിലില്ല'; പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ട മനുഷ്യരോട് യെദിയൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ട മനുഷ്യരോട് നോട്ടടിക്കുന്ന യന്ത്രം സര്‍ക്കാരിന്റെ കയ്യിലില്ല എന്ന് മറുപടി പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. യെദിയൂരപ്പയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ജനതാദള്‍ എസും രംഗത്തെത്തി.

ശിവമോഗയിലെ പ്രളയ ദുരിതബാധിതരാണ് യെദിയൂരപ്പയോട് സഹായം ആവശ്യപ്പെട്ടത്. ഇവരോടായിരുന്നു യെദിയൂരപ്പയുടെ വിവാദ മറുപടി.

ദുരിത ബാധിതര്‍ക്ക് സഹായ ധനം എത്തിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കയ്യില്‍ നോട്ടടിക്കുന്ന യന്ത്രം ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍ ആര്‍ത്തിമൂത്ത എം.എല്‍.എമാരെ തൃപ്തിപ്പെടുത്താന്‍ അക്ഷയ പാത്ര ഫണ്ട് ഉണ്ടെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. എം.എല്‍.എമാരെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിനും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കയറ്റാനും ആരാണ് കറന്‍സി നോട്ട് അടിക്കുന്നതെന്ന് ജനതാദള്‍ എസ് ചോദിച്ചു.

പ്രളയകാലത്തെ യെദിയൂരപ്പയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു.

യെദിയൂരപ്പ, താങ്കള്‍ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്?. നരേന്ദ്രമോദി സംസ്ഥാനം ഇത് വരെ സന്ദര്‍ശിച്ചിട്ടില്ല. ഇതൊരു ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി രൂപ അനുവദിച്ചിട്ടില്ല. ഒരു പ്രവര്‍ത്തനവും നടത്താതെ പണം ചെലവഴിച്ച് പരസ്യങ്ങള്‍ കൊടുത്ത് ദുരന്തബാധിതരെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്.

We use cookies to give you the best possible experience. Learn more