ദല്‍ഹി മദ്യ നയക്കേസ്; അരവിന്ദ് കെജ്‌രിവാൾ അറസ്റ്റില്‍
national news
ദല്‍ഹി മദ്യ നയക്കേസ്; അരവിന്ദ് കെജ്‌രിവാൾ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2024, 9:19 pm

ന്യൂദല്‍ഹി: ദല്‍ഹി മദ്യ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ വസതിയില്‍ ഇ.ഡി നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.

ചോദ്യം ചെയ്യലില്‍ ആംആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാൾ പൂര്‍ണമായി സഹകരിച്ചിരുന്നില്ലെന്ന് ഇ.ഡി പ്രതികരിച്ചു. കെജ്‌രിവാളിനെ ഉടനെ ഇ.ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അറസ്റ്റിനെ തുടര്‍ന്ന് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ എ.എ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുകയാണ്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ കെജ്‌രിവാളിന്റെ വസതിക്ക് സമീപത്തായി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ടാലും ജയിലില്‍ നിന്ന് സംസ്ഥാനം ഭരിക്കുമെന്ന് എ.എ.പി നേതൃത്വം പ്രതികരിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതൃത്വം നേരത്തെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരെയും എ.എ.പി പ്രവര്‍ത്തകരെയും കടത്തിവിട്ടിരുന്നില്ലെന്നും മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞിരുന്നു.

ഇ.ഡിയും അവരുടെ യജമാനന്മാരായ ബി.ജെ.പിയും കോടതികളെ ബഹുമാനിക്കുന്നില്ലെന്ന് ദല്‍ഹി മന്ത്രി ആതിഷി മാധ്യമങ്ങളോട് പറഞ്ഞു. മാനിക്കുന്നുണ്ടായിരുന്നെങ്കില്‍ ഇന്ന് തന്നെ അരവിന്ദ് കെജ്‌രിവാളിന്റെ വസതി ഇ.ഡി റെയ്ഡ് ചെയ്യിലായിരുന്നു. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നും ആതിഷി ചൂണ്ടിക്കാട്ടി.

അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റ് തടയുന്നതിനായി പാര്‍ട്ടി നേതൃത്വം സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. അറസ്റ്റ് തടയാത്ത ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് എ.എ.പി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഹരജിയില്‍ അടിയന്തിര വാദം കേള്‍ക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടിരുന്നു.

ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ മുതിര്‍ന്ന നേതാവാണ് കെജ്രിവാള്‍. ദല്‍ഹി മുഖ്യമന്ത്രിക്ക് പുറമെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

Content Highlight: Chief Minister Arvind Kejriwal arrested in Delhi liquor scam case