| Saturday, 21st September 2024, 11:31 am

ഇത് നശീകരണ മാധ്യമപ്രവര്‍ത്തനം; പുനരധിവാസ കണക്കുകളെ സംബന്ധിച്ച് തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസ കണക്കുകള്‍ എന്ന പേരില്‍ തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇത് സാധാരണ മാധ്യമപ്രവര്‍ത്തനമല്ലെന്നും നശീകരണ മാധ്യമപ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതിന് പിന്നില്‍ ചില അജണ്ടകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കവിയൂര്‍ പൊന്നമ്മക്ക് ആദരാഞ്‌ലി അര്‍പ്പിച്ച് കൊണ്ടാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് കൊണ്ടാണ് വാര്‍ത്താ സമ്മേളനം തുടര്‍ന്നത്. വയനാട്ടില്‍ പുനരധിവാസത്തിന് സര്‍ക്കാര്‍ പണം ചെലവഴിച്ചതിന്റെ കണക്കുകള്‍ എന്ന പേരില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.

ഓരോ ചാനല്‍പ്രോഗ്രാമുകളുടെയും ചാനലുകളുടെയും പേര് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും നേരത്തെ പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്തക്ക് പിന്നാലെ മുടന്തിനീങ്ങാന്‍ മാത്രമേ ഈ സത്യത്തിന് സാധിച്ചുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ പ്രചാരണംകാരണം ലോകത്തിന് മുന്നില്‍ കേരളത്തിന് മോശം പ്രതിച്ഛായ ഉണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിന്നാലെ വയനാട്ടില്‍ സര്‍ക്കാര്‍ ഇതുവരെ ചിലവഴിച്ച കണക്കുകളും മുഖ്യമന്ത്രി പങ്കുവെച്ചു. പുനരധിവാസത്തിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണയും സഹായവും തടസ്സപ്പെടുത്തുക എന്ന ദുഷ്ടലക്ഷ്യത്തോടെയാണ് ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഉണ്ടായതെന്നും ഇത് സാധാരണ മാധ്യമപ്രവര്‍ത്തനമല്ലെന്നും നശീകരണ മാധ്യമ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ വാര്‍ത്ത നല്‍കി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തിയ മാധ്യമങ്ങളമുണ്ടെന്നും അത് കുറച്ചെങ്കിലും ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് വിധേനെയും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നല്‍കിയ വാര്‍ത്തകള്‍ ദുരന്തത്തിനിരയായവരെയാണ് ദ്രോഹിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കെതിരെയാണോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് അയാളോടോ അയാളുമായി ബന്ധപ്പെട്ട അധികാരികളോടെ വിശദീകരണം ചോദിക്കുക എന്ന മാധ്യമപ്രവര്‍ത്തനത്തിലെ പ്രാഥമിക മര്യാദപോലും കാണിക്കാതെയാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മെമ്മോറാണ്ടത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മെമ്മോറാണ്ടം തയ്യാറാക്കുന്നതിലെ വസ്തുകള്‍ അറിയാത്തവരല്ല കേരളത്തിലെ മാധ്യമങ്ങളെന്നും ഒറ്റ ക്ലിക്കില്‍ വസ്തുതകള്‍ അറിയാമെന്നിരിക്കെ അത് പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പകരം ഈ കണക്ക് ധൂര്‍ത്തും അഴിമതിയുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങള്‍ തയ്യാറായത്. കേന്ദ്രത്തില്‍ നിന്ന് പരമാവധി സഹായം വാങ്ങിയെടുക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ അതിനെ തുരങ്കം വെക്കുന്ന രീതിയില്‍ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പേരില്‍ ഓമനക്കുട്ടനെതിരെ നല്‍കിയ വാര്‍ത്ത, രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം, എ.കെ.ജി. സെന്റര്‍ ആക്രമണം തുടങ്ങിയ സംഭവങ്ങളും അതിനെ തുടര്‍ന്നുള്ള മാധ്യമവാര്‍ത്തകളും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കേന്ദ്രം വയനാട് ദുരന്തത്തിന്റെ പേരില്‍ ഇതുവരെയും ഒരു സഹായവും നല്‍കിയില്ലെന്നും അത് ഈ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ലെന്നും മുഖ്യമന്ത്രി. ഒരു പകല്‍ മുഴുവന്‍ തെറ്റ് പ്രചരിപ്പിച്ച് ആദ്യം തിരുത്ത് കൊടുത്തത് തങ്ങളാണെന്ന് മേനി നടിക്കുന്നവരുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമാന്യ ഭാഷാശേഷി ഉള്ളവര്‍ക്കു പോലും മനസിലാകുന്ന കാര്യം തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സഹായം മുടക്കാനുള്ള ക്വട്ടേഷനാണിതെന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

CONTENT HIGHLIGHTS: Chief Minister against the media for giving false news about the rehabilitation figures

We use cookies to give you the best possible experience. Learn more