ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നടന്നത് വന്‍ഗൂഢാലോചന: മുഖ്യമന്ത്രി
Kerala
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നടന്നത് വന്‍ഗൂഢാലോചന: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th October 2023, 3:34 pm

 

കണ്ണൂര്‍: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നും, ഇത്തരം ആരോപണങ്ങള്‍ക്ക് അധികകാലം ആയുസ്സുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരോഗ്യ വകുപ്പിനെതിരായ തൊഴില്‍ തട്ടിപ്പ് കേസിലെ ഗൂഢാലോചനയില്‍ ചില മാധ്യമസ്ഥപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചനയുടെ സൂത്രധാരനെ പിടികൂടാന്‍ സാധിച്ചിട്ടുണ്ട്. ധര്‍മടത്ത് നടന്ന കുടുംബ സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ജോലി തട്ടിപ്പിലെ മുഖ്യപ്രതി അഖില്‍ സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവുമായി തനിയക്ക് ബന്ധമില്ലെന്ന് ഇയാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രി എല്ലാം കെട്ടിച്ചമച്ചവയാണെന്നും, ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും പറഞ്ഞു.

‘1996ല്‍ പയ്യന്നൂരില്‍ നിന്ന് മത്സരിച്ചപ്പോള്‍ ഞാന്‍ കോടികള്‍ കൈപ്പറ്റിയെന്ന് ആരോപിച്ച് ഒരാള്‍ രംഗത്തു വന്നു. ഞാന്‍ മന്ത്രിയാകുമെന്ന് മനസ്സിലാക്കിയാണ് അത്തരമൊരാരോപണം വന്നത്. അന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നു. എന്നാല്‍ ഇന്നങ്ങനെയല്ല. ഇനിയും ഇത്തരത്തിലുള്ള കെട്ടിച്ചമക്കലുകള്‍ വന്നുകൊണ്ടിരിക്കും.

2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് മാത്രമേ എല്‍.ഡി.എഫിന് നേടാനായുള്ളു. അതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് കരുതി ബി.ജെ.പിയും കോണ്‍ഗ്രസും എല്‍.ഡി.എഫിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നിട്ടും 2021ല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

content highlight: Chief minidsters response on health ministry contriversy.