| Sunday, 10th March 2024, 7:50 pm

നിയമം സാധാരണക്കാരിലേക്ക് എത്തണമെങ്കില്‍ ജഡ്ജിമാര്‍ ലളിതമായ ഭാഷ ഉപയോഗിക്കണം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമം സാധാരണക്കാരിലേക്ക് എത്തണമെങ്കില്‍ ജഡ്ജിമാര്‍ ലളിതമായ ഭാഷ ഉപയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കോടതിയുടെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഏതൊരു രാജ്യത്തിന്റെയും ഐക്യത്തിനും പുരോഗതിക്കും ഭരണഘടന പ്രധാനമാണെന്ന് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഇന്ത്യയുടെ ഭരണഘടന അഭിഭാഷകരുടെ പറുദീസയാണെന്ന് ബ്രിട്ടനിലെ ഭരണഘടനാ നിയമവിദഗ്ധന്‍ സര്‍. ഐവര്‍ ജെന്നിങ്സ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ രാജ്യത്തെ സാധാരണക്കാരിലേക്ക് വ്യക്തമായി എത്തുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൗരന്മാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം ‘ജന്‍ സേവ’ നടപ്പാക്കിയതിന് പിന്നാലെ നിയമ കേന്ദ്രങ്ങള്‍ പുരോഗതി നേടിയെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സുപ്രീം കോടതി കേസുകള്‍ കേള്‍ക്കാന്‍ തുടങ്ങിയെന്നും രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും അഭിഭാഷകര്‍ക്ക് തന്റെ കേസില്‍ വാദം നടത്താമെന്നും ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ നിലനില്‍പ്പിനായുള്ള ഈ ക്യാമ്പയിന്‍ പ്രചരിപ്പിക്കാന്‍ നിയമ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവരണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. രാജ്യത്തെ പത്തുപേരിലേക്ക് ഈ ക്യാമ്പയിന്‍ എത്തിക്കാന്‍ നിയമവിദ്യാര്‍ത്ഥികളുടെ മനുഷ്യച്ചങ്ങല രൂപീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഹമാര സംവിധാന്‍ ഹമാര സമ്മാന്‍ (നമ്മുടെ ഭരണഘടന നമ്മുടെ ബഹുമാനം) എന്ന ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡി.വൈ. ചന്ദ്രചൂഡ്. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചും സമൂഹത്തില്‍ അവബോധം വര്‍ധിപ്പിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

Content Highlight: Chief Justice said judges should use simple language if law is to reach common man

We use cookies to give you the best possible experience. Learn more