| Sunday, 28th July 2024, 5:04 pm

ഭിന്നശേഷിയെ വീക്ഷിക്കുന്നതില്‍ വലിയ ഷിഫ്റ്റുണ്ടായി; ഞങ്ങളും മാറി: ഡി.വൈ. ചന്ദ്രചൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഭിന്നശേഷിയെ വീക്ഷിക്കുന്നതില്‍ വലിയ മാറ്റങ്ങളുണ്ടായെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. പരിശീലനവും പൊതുയോഗങ്ങളും നയരൂപീകരണവും ഈ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബെംഗളൂരുവിൽ നടന്ന ഇന്ത്യ ആക്സസിബിലിറ്റി സമ്മിറ്റിന്റെയും സ്റ്റേറ്റ് ഡിസെബിലിറ്റി കമ്മീഷണേഴ്സ് കോണ്‍ക്ലേവിന്റെയും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിയെ കൈകാര്യം ചെയ്യുന്നതിൽ തങ്ങളിലും വലിയ മാറ്റങ്ങളുണ്ടായെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന സിലബസുകളില്‍ ഭിന്നശേഷിയെ സംബന്ധിക്കുന്ന പ്രത്യേക മൊഡ്യൂളുകളുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ചില സംസ്ഥാന കമ്മീഷണര്‍മാര്‍ നയരൂപീകരണം നടത്തുന്നതെന്നും അദ്ദേഹം സമ്മേളനത്തില്‍ പറയുകയുണ്ടായി.

ഈ മാറ്റത്തില്‍ സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഗവേഷണ ഗ്രാന്റുകള്‍, സി.എസ്.ആര്‍ സംഭാവനകള്‍, ഇന്‍ക്ലൂസീവ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള ഉദ്യമങ്ങളിലൂടെ ഈ സാമൂഹിക മാറ്റത്തിന് സ്ഥാപനങ്ങള്‍ പ്രോത്സാഹനം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ഏകദേശം 20 കോടി ജനങ്ങള്‍ ഭിന്നശേഷിക്കാരായിട്ടുണ്ട്. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ല. സത്യസന്ധതയോടെ ഭിന്നശേഷിക്കാരായ വ്യക്തികളോട് ഇടപെടണമെങ്കില്‍ അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ ലഭ്യമാക്കണം. എന്നാല്‍ മാത്രമേ ഭിന്നശേഷിക്കാരോടുള്ള മനോഭാവത്തില്‍ മാറ്റം വരുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തില്‍ തുല്യപങ്കാളിത്തം ലഭിക്കാന്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരായ പൗരന്മാരുടെ സ്ഥിതിവിവരകണക്കുകള്‍ തങ്ങള്‍ക്ക് ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ഭാവിയില്‍ അവര്‍ക്ക് കൂടി അനുയോജ്യമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Chief Justice of India D.Y. Chandrachud said there was a marked shift in the way disability is looked at

Latest Stories

We use cookies to give you the best possible experience. Learn more