| Saturday, 30th April 2022, 8:14 pm

സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരില്ല: ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.
സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും സംയുക്ത യോഗത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

പൊലീസ് അന്യായമായ അറസ്റ്റും പീഡനവും നിര്‍ത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹൈക്കോടതികളില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അവരുടെ കേസിന്റെ വിവരങ്ങളെക്കുറിച്ചും ആളുകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് കല്യാണത്തിന് മന്ത്രം ജപിക്കുന്നത് പോലെ മന്ത്രിക്കേണ്ട ഒന്നല്ല. പലര്‍ക്കും സമയാ സമയം നടക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് അറിയുന്നില്ല. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കിള്‍ 348 പ്രകാരം ഹൈക്കോടതികളില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കാനുള്ള അനുമതി നല്‍കണമെന്നും എന്‍.വി. രമണ പറഞ്ഞു.

പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ടെക്‌നോളജി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Chief justice NV Ramana against centre state government

We use cookies to give you the best possible experience. Learn more