ഹൈദരാബാദ്: കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ പരത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന്‌ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാരാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ തെറ്റാണെന്നും, ഇത്തരം മിഥ്യാധാരണകളിലൂടെ ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ‘ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ, ഭാവിയിലെ വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജഡ്ജിമാരെ നിയമിക്കുന്ന ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് ജുഡീഷ്യറി എന്നാണ് രമണ പറഞ്ഞത്.
ജുഡീഷ്യറിയെ കൂടാതെ കേന്ദ്ര നിയമ മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണര്‍മാര്‍, ഹൈക്കോടതി കൊളീജിയം, ഇന്റലിജന്‍സ് ബ്യൂറോ എന്നിവരുടെയെല്ലാം അംഗീകാരത്തിന് ശേഷം ഉന്നതാധികാര സമിതിയുടെയും അനുമതി ലഭിച്ചാണ് ജഡ്ജിമാരെ നിയമിക്കുന്നത്. എന്നാല്‍ ഈ വസ്തുതയെ മറച്ചുവെച്ച് കൊളീജിയത്തിന്റെ മാത്രം തീരുമാനത്തിലാണ് ജഡ്ജി നിയമനം നടക്കുന്നത് എന്ന പ്രചരണത്തില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ജഡ്ജിമാരെ നിമയമിക്കുന്നതില്‍ സര്‍ക്കാരിനെ പ്രശംസിച്ച അദ്ദേഹം കോടതികളിലെ ജഡ്ജി ഒഴിവുകള്‍ യഥാസമയം നികത്തുന്നത് ജുഡീഷ്യറി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹൈക്കോടതികള്‍ നല്‍കിയ ചില ശുപാര്‍ശകള്‍ കേന്ദ്ര നിയമമന്ത്രാലയം സുപ്രീം കോടതിയിലേക്ക് ഇനിയും അയച്ചിട്ടില്ലെന്നും മാലിക് മസ്ഹര്‍ കേസില്‍ പറഞ്ഞിരിക്കുന്ന സമയക്രമം കേന്ദ്രം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത കാലത്തായി ജഡ്ജിമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളതെന്നും നിയമപാലകര്‍ ജുഡീഷ്യറിക്കെതിരായ ആക്രമണങ്ങളെ ഫലപ്രദമായ രീതിയില്‍ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂഷന്‍ സംവിധാനത്തെ പൂര്‍ണമായും സ്വതന്ത്രമാക്കേണ്ടത് അത്യാവശ്യമാണെന്ന് രമണ പറഞ്ഞു. അവര്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ടെന്നും കോടതിയോട് മാത്രമേ മറുപടി പറയേണ്ടതുള്ളൂ എന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ജഡ്ജിമാരുടെ നിയമനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എമ്മിന്റെ രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് പാര്‍ലമെന്റില്‍ ചര്‍ച്ച ഉയര്‍ത്തിയിരുന്നു. ദേശീയ ജുഡീഷ്യറി നിയമ കമ്മീഷന്‍ രൂപീകരിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യത്തോട് കേന്ദ്രം പുറംതിരിഞ്ഞ് നില്‍ക്കുന്ന നിലാപാടാണ് സ്വീകരിക്കുന്നതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു.
ഹൈക്കോര്‍ട്ട് ആന്‍ഡ് സുപ്രീംകോര്‍ട്ട് ജഡ്ജസ് സാലറീസ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ് അമന്‍മെന്റ് ബില്‍ 2021 രാജ്യസഭയില്‍ ചര്‍ച്ചചെയ്തപ്പോഴാണ് ഇക്കാര്യം ബ്രിട്ടാസ് പറഞ്ഞത്.
മന്ത്രിസഭയില്‍ മാത്രം വൈവിധ്യം മതിയോ ജുഡീഷ്യറിയില്‍ വൈവിധ്യം ആവശ്യമില്ലേയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
ന്യായാധിപന്മാരുടെ നിയമനങ്ങളില്‍ സുതാര്യത ആവശ്യമല്ലേ, പിന്നോക്ക, ദുര്‍ബല, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉന്നത നീതി ന്യായ കോടതികളില്‍ എന്തുകൊണ്ട് മതിയായ പ്രാതിനിധ്യം ലഭിക്കാതെ പോകുന്നു, 1980 വരെ സുപ്രീംകോടതിയില്‍ ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാരും തന്നെ ന്യായാധിപന്മാരായി നിയമിക്കപ്പെട്ടില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ബ്രിട്ടാസ് പറഞ്ഞത്.
മികച്ച പ്രസംഗമാണ് ജോണ്‍ ബ്രിട്ടാസ് നടത്തിയത് എന്ന് കേരളീയം വി.കെ. മാധവന്‍കുട്ടി പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ വെങ്കയ്യ നായിഡു പറഞ്ഞു. വളരെ താല്പര്യത്തോടെയാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം കേട്ടത്. മികച്ച പ്രസംഗം ആയിരുന്നു അതെന്നും നായിഡു പറഞ്ഞു. എന്നാല്‍ അടുത്ത ദിവസം മാധ്യമങ്ങളില്‍ ബ്രിട്ടാസിന്റെ പ്രസംഗത്തെക്കുറിച്ചുള്ള വാര്‍ത്ത കാണാത്തതില്‍ നിരാശ അനുഭവപ്പെട്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.