| Friday, 3rd December 2021, 11:08 am

'വിഡ്ഢിത്ത'ത്തെച്ചൊല്ലി സോളിസിറ്റര്‍ ജനലറും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും വാക്കേറ്റം; അഭിഭാഷകരാണെന്ന് ഓര്‍മിപ്പിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗും തമ്മില്‍ വാക് പോര്.

ഹരജിക്കാര്‍ക്കെതിരെ മേത്ത നടത്തിയ പരാമര്‍ശമാണ് വികാസ് സിംഗിനെ പ്രകോപിപ്പിച്ചത്.

മലിനീകരണം കുറയ്ക്കുക എന്നതല്ലാതെ മറ്റൊരു അജണ്ടയും ഹരജിക്കാര്‍ക്കില്ലെന്ന് സിംഗ് പറഞ്ഞു.

”അജണ്ടയുണ്ടെന്ന ആരോപണത്തില്‍ ഞാന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. അജണ്ട മലിനീകരണം മാത്രമാണ്. ഒരു അജണ്ട ഉണ്ടെന്ന് അദ്ദേഹം പറയുന്നു, ഇത് എന്ത് വിഡ്ഢിത്തമാണ്? സോളിസിറ്റര്‍ ജനറല്‍ ഇത് പറയുന്നത് ഉചിതമാണോ? കഴിഞ്ഞ തവണ അദ്ദേഹം എന്റെ ഹരജി സെന്‍ട്രല്‍ വിസ്റ്റയ്ക്ക് എതിരാണെന്ന് പറഞ്ഞു. ഓരോ തവണയും അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായം പറയാറുണ്ട്,” ആദിത്യ ദുബെയ്ക്കും അമന്‍ ബങ്കയ്ക്കും വേണ്ടി ഹാജരായ സിംഗ് പറഞ്ഞു.

എന്നാല്‍, വികാസ് സിംഗ് തെരുവിലല്ലെന്ന് ഓര്‍ക്കണമെന്നും ബി.സി.സി.ഐ വിഷയത്തിലും വിഡ്ഢിത്തത്തിന് സമാനമായ വാക്ക് വികാസ് ഉപയോഗിച്ചെന്നും വിഡ്ഢിത്തം
എന്ന വാക്ക് അനുവദനീയമായ ഒരു കോടതി വാക്കല്ലെന്നും മേത്ത പറഞ്ഞു.

തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഇടപെട്ട് ഇരുവരും മുതിര്‍ന്ന അഭിഭാഷകരാണെന്നും ഇത്തരത്തില്‍ വാക് പോരില്‍ ഏര്‍പ്പെടരുതെന്നും പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Chief Justice In Court, War Of Words Between Solicitor General, Bar Chief

We use cookies to give you the best possible experience. Learn more