| Monday, 27th November 2023, 5:03 pm

പ്രാതിനിധ്യം കുറഞ്ഞവരുടെ നീതിയില്‍ വിട്ടുവീഴ്ചയരുത്; കോടതി ഭരണതലത്തില്‍ സജീവ പുരോഗതി വേണം: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിയമ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് കൊണ്ടുമാത്രം നീതിനടപ്പിലാക്കാന്‍ കഴിയില്ലെന്ന നിരീക്ഷണത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, നിയമസഹായ സേവനങ്ങള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തി കോടതിയുടെ ഭരണതലത്തില്‍ സജീവമായ പുരോഗതി ഉണ്ടാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ പ്രാതിനിധ്യം കുറഞ്ഞ ജനവിഭാഗങ്ങളുടെ നീതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. നീതി എന്ന ആശയം ചരിത്രപരമായി ഒരു പരമാധികാര രാഷ്ട്രത്തിന്റെ പരിധിക്കുള്ളില്‍ വരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഹായത്തിലേക്കുള്ള പ്രവേശനത്തെ കുറിച്ച് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി (നാല്‍സ) സംഘടിപ്പിച്ച റീജിയണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല രീതിയിലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഒരു വ്യക്തിയുടെ കേസിലെ വസ്തുതകളെ കണ്ടെത്തുന്നതില്‍ നീതിപരമായി പ്രവര്‍ത്തിക്കാന്‍ ജഡ്ജിക്ക് കഴിയാതെയാവുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അത്തരം പ്രവണത നിയമപ്രക്രിയകളെ സ്ഥാപനവത്കരിക്കുമെന്നും നീതിക്കായി ജനങ്ങള്‍ മറ്റൊരു ഇടം തേടേണ്ടി വരുമെന്നും ഡി.വൈ. ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

കേവലം നിയമനിര്‍ദേശം നടത്തുന്നതിന് പകരം കോടതി തന്റെ ഭരണകാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളും നീതിയും വികസിത രാജ്യങ്ങളാല്‍ കുത്തകവത്ക്കരിക്കപ്പെട്ടുവെന്നുള്ള വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അന്തര്‍ദേശീയ ബന്ധങ്ങളില്‍ എല്ലാ രാജ്യങ്ങളും തുല്യമായി പരിഗണിക്കപ്പെടുന്നില്ലെന്നും, എന്നാല്‍ ചില രാജ്യങ്ങള്‍ ഐക്യദാര്‍ഢ്യത്തിന്റെയും സ്വത്വത്തിന്റെയും യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

നീതി ലഭിക്കുന്നതിനായി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും ശക്തമായ ആയുധം സാങ്കേതികവിദ്യയാണെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ജി20 ഷെര്‍പ്പ അമിതാഭ് കാന്ത്, സുപ്രീം കോടതി ജഡ്ജിമാരായ എസ്.കെ. കൗള്‍, സഞ്ജീവ് ഖന്ന, അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.

Content Highlight: Chief Justice D.Y. Chandrachud said that justice should be ensured for the underrepresented

We use cookies to give you the best possible experience. Learn more