| Wednesday, 29th August 2018, 7:54 am

ദീപക് മിശ്ര വിരമിക്കുന്നു; അടുത്ത ചീഫ് ജസ്റ്റിസിനെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിനു വിരമിക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടി.

വിരമിക്കുന്നയാളിന്റെ നിര്‍ദേശം ലഭിച്ചാല്‍ ഇത് നിയമമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നിയമന ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറും. ഏറ്റവും മുതിര്‍ന്ന ആളിന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മറ്റെന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അക്കാര്യം മറ്റ് ജഡ്ജിമാരുമായി ചേര്‍ന്നാണ് തീരുമാനിക്കുക.


Read Also : കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകളെന്ന് നാസ പറഞ്ഞോ ?; യാഥാര്‍ത്ഥ്യം ഇതാണ്


കീഴ്‌വഴക്കം അനുസരിച്ച് സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ഉന്നത പദവിയിലെത്തുക. അങ്ങനെയെങ്കില്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് അടുത്ത ചീഫ് ജസ്റ്റിസ് ആവേണ്ടത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തിയ നാലു ജഡ്ജിമാരില്‍ ജസ്റ്റിസ് ഗൊഗോയിയുമുണ്ടായിരുന്നു. ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതിയില്‍ നിയമിക്കുന്ന കാര്യത്തില്‍ ജസ്റ്റിസ് ഗൊഗോയിയും സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, സീനിയോറിറ്റി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്ന് നിയമവൃത്തങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു. 1973 ലും 1977 ലും സീനിയോറിറ്റി മറികടന്ന് ചീഫ് ജസ്റ്റിസിനെ നിയമിച്ച ചരിത്രമുണ്ട്.

We use cookies to give you the best possible experience. Learn more