| Friday, 8th November 2024, 1:46 pm

എണ്ണമിട്ട സുപ്രധാന വിധികളുമായി ഡി.വൈ. ചന്ദ്രചൂഡിന് ഇന്ന് പടിയിറക്കം

രാഗേന്ദു. പി.ആര്‍

ചീഫ് ജസ്റ്റിസ് ഡോ. ഡി.വൈ. ചന്ദ്രചൂഡിന് ഇന്ന് സുപ്രീം കോടതിയിലെ അവസാനത്തെ പ്രവര്‍ത്തിദിനം. സുപ്രീം കോടതിയുടെ അമ്പതാമത് ചീഫ് ജസ്റ്റിസ് ആയ ഡി.വൈ. ചന്ദ്രചൂഡ് നവംബര്‍ 10 ഞായറാഴ്ചയാണ് പദവിയില്‍ നിന്ന് ഒഴിയുന്നത്.

എന്നാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായതിനാലാണ് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ അവസാനത്തെ പ്രവര്‍ത്തിദിനമാകുന്നത്.

ഡി.വൈ. ചന്ദ്രചൂഡ്

ഇന്ത്യന്‍ ജുഡീഷ്യറിയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നിലധികം വിഷയങ്ങളില്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസാണ് ഡി.വൈ. ചന്ദ്രചൂഡ്. 2022ല്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ നിയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ രണ്ടര വര്‍ഷത്തെ സേവനം വെള്ളിയാഴ്ച രണ്ട് മണിയോടെ പൂര്‍ത്തിയാകും. സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ സെറിമോണിയല്‍ ബെഞ്ച് സിറ്റിങ് നടത്തി ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കും.

2016ലാണ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് പദവിയില്‍ നിയമിതനായത്. 2013 മുതല്‍ 2016 വരെ അലഹബാദ് ഹൈക്കോടതിയിലും 2000 മുതല്‍ 2013 വരെ ബോംബൈ ഹൈക്കോടതിയിലും യഥാക്രമം അദ്ദേഹം ചീഫ് ജസ്റ്റിസായും ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി. ചന്ദ്രചൂഡും സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു.

സുപ്രധാനമായ നാല് വിഷയങ്ങളില്‍ കൂടി വിധി പുറപ്പെടുവിച്ച ശേഷമായിരിക്കും ഡി.വൈ. ചന്ദ്രചൂഡ് പടിയിറങ്ങുക. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി, 2004ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസനയത്തിന്റെ സാധുത, സമ്പത്ത് പുനര്‍വിതരണ പ്രശ്നം, ജെറ്റ് എയര്‍വെയ്സിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം എന്നിവയാണ് അദ്ദേഹം അധ്യക്ഷത വഹിക്കുന്ന ബെഞ്ചുകള്‍ പരിഗണിക്കുന്ന കേസുകള്‍.

ഇത്തരത്തില്‍ ഭരണഘടനാപരമായി പ്രാധാന്യമുള്ള വിഷയങ്ങളിലായിരുന്നു ആദ്ദേഹത്തിന്റെ വിധികളില്‍ ഭൂരിഭാഗവും. ഏകദേശം 220ലധികം കേസുകളിലാണ് ഡി.വൈ. ചന്ദ്രചൂഡ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്.

കെ.എസ്. പുട്ടസ്വാമി

2017 ഓഗസ്റ്റ് 24ന് സ്വകാര്യതയ്ക്കുള്ള അവകാശം വ്യക്തികളുടെ അന്തസിനും സ്വയംഭരണത്തിനും അവിഭാജ്യമായ മൗലികാവകാശമാണെന്ന വിധിയാണ് ഡി.വൈ. ചന്ദ്രചൂഡ് പുറപ്പെടുവിച്ചതില്‍ ഏറ്റവും സുപ്രധാനമായത്.

ആധാര്‍ വ്യക്തിയുടെ സ്വകാര്യതയെയും സ്വയംഭരണത്തെയും ഹനിക്കുന്നതാണെന്ന് വിരമിച്ച ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഈ കേസുണ്ടാകുന്നത്.

2018 സെപ്തംബര്‍ ആറിന് ലൈംഗിക ആഭിമുഖ്യം മനുഷ്യന്റെ അന്തസിന്റെ അന്തര്‍ലീനമായ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി സെക്ഷന്‍ 377 (സ്വവര്‍ഗബന്ധം കുറ്റകരമാക്കിയ നിയമം) സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബെഞ്ച് പുറപ്പെടുവിച്ച ഈ വിധി ഇന്ത്യയിലെ ക്യുയര്‍ സമുദായത്തിന് നിര്‍ണായകമായി മാറി.

ഹാദിയ

2018 മാര്‍ച്ച് എട്ടിന് ഹാദിയയുടെ വിവാഹം ശരിവെച്ച വിധിയും സുപ്രധാനമായി. വിവാഹം, മതം എന്നിവയില്‍ തീരുമാനമെടുക്കാന്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് അവകാശമുണ്ടെന്നാണ് ഈ വിധിയില്‍ കോടതി വ്യക്തമാക്കിയത്. ഇസ്‌ലാം മതം സ്വീകരിച്ച് മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ച ഹാദിയയുടെ ജീവിതത്തില്‍ ഈ വിധി നിര്‍ണായകമാകുകയും ചെയ്തു.

2018 മാര്‍ച്ച് ഒമ്പതിന് ദയാവധത്തിനുള്ള സാധുവായ തെളിവുകളോട് കൂടിയുള്ള വില്‍പത്രങ്ങള്‍ക്ക് കോടതി അംഗീകാരം നല്‍കി. ഒരു വ്യക്തിയ്ക്ക് അന്തസ്സോടെ മരിക്കാനും അവര്‍ക്ക് വേണ്ട ചികിത്സ തെരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയിരുന്നു.

2021 സെപ്തംബര്‍ 29ന് അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപ്രകാരം ഗര്‍ഭഛിദ്രാവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. അവിവാഹിതരായ സ്ത്രീകളോട് എന്തിന് വിവേചനം എന്ന് ചോദ്യമുയര്‍ത്തിയായിരുന്നു ചന്ദ്രചൂഡ് ബെഞ്ചിന്റെ വിധി.

എന്നാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ മൂന്ന് വിധികളായിരുന്നു ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, ബാബരി മസ്ജിദ് തര്‍ക്കം എന്നിവയിലേത്.

2018 സെപ്തംബര്‍ 28ന് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന് സുപ്രീം കോടതി വിധിക്കുകയുണ്ടായി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ശബരിമലയിലെ ആചാരങ്ങള്‍ വിവേചനപരവും തൊട്ടുകൂടായ്മയുമായി സാമ്യമുള്ളതുമാണെന്നും ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയിരുന്നു.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെ ശബരിമല ആചാരങ്ങള്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹരജികളും സുപ്രീം കോടതി പിന്നീട് പരിഗണിക്കുകയുണ്ടായി.

2018 സെപ്റ്റംബര്‍ 27ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഐ.പി.സി 49-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും ചെയ്തു. പങ്കാളി ഇതര ബന്ധം ക്രിമിനല്‍ കുറ്റമാക്കിയെങ്കിലും പുരുഷന്മാര്‍ക്ക് മാത്രമേ നിയമപരമായി ശിക്ഷയുണ്ടായിരുന്നുള്ളു.

എന്നാല്‍ ഈ നിയമം ലിംഗസമത്വവും വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ബാബരി മസ്ജിദ്

2019 നവംബര്‍ ഒമ്പതിന് ബാബരി മസ്ജിദ് തര്‍ക്കത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനും പള്ളിക്ക് ബദല്‍ സ്ഥലം നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതായിരുന്നു വിധി.

അയോധ്യ തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ സാധിച്ചത് ദൈവത്തോട് പ്രാര്‍ത്ഥിച്ചത് കൊണ്ടാണെന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു.

അതേസമയം ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ, ജസ്റ്റിസ് എസ്.കെ. കൗൾ അടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധി ശരിവെച്ചത് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായിരുന്ന ബെഞ്ചായിരുന്നു. ഈ വിധി രൂക്ഷവിമർശനം ഏറ്റുവാങ്ങിയിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ സ്വന്തം വസതിയില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് അടുത്തിടെ വലിയ രീതിയില്‍ വിമര്‍ശനം നേരിട്ടിരുന്നു.

സുപ്രീം കോടതി അഭിഭാഷകരും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്നാണ് ഡി.വൈ. ചന്ദ്രചൂഡ് വിവാദങ്ങളില്‍ മറുപടി നല്‍കിയത്.

Content Highlight: Chief justice D.Y. Chandrachud will descend today

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more