| Monday, 29th July 2024, 12:19 pm

വിചാരണ കോടതികളില്‍ നീതി നടപ്പിലാവുന്നില്ല; ജഡ്ജിമാര്‍ സാമാന്യബുദ്ധി ഉപയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വിചാരണ കോടതികളിലെ ജഡ്ജിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജഡ്ജിമാര്‍ സാമാന്യബുദ്ധി ഉപയോഗിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. വിചാരണ കോടതികളില്‍ തീരേണ്ട കേസുകള്‍ നിരന്തരമായി ഹൈക്കോടതികളില്‍ എത്തുന്ന സാഹചര്യത്തിലാണ് ഡി.വൈ. ചന്ദ്രചൂഡ് രംഗത്തെത്തിയത്.

ബെംഗളൂരു ഇന്റര്‍നാഷണല്‍ സെന്ററില്‍ ബെര്‍ക്‌ലി സെന്റര്‍ ഫോര്‍ കംപാരിറ്റീവ് ഇക്വാലിറ്റി ആന്റ് ആന്റി ഡിസ്‌ക്രിമിനേഷന്‍ ലോയുടെ 11-ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിചാരണ കോടതികളില്‍ നിന്ന് ജാമ്യം ലഭിക്കേണ്ടവര്‍ക്ക് അത് കൃത്യമായി ലഭിക്കുന്നില്ല. തുടര്‍ന്ന് നിരന്തരമായി ആളുകള്‍ ഹൈക്കോടതികളെ സമീപിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടേണ്ട ഒരാള്‍ക്ക് അത് കിട്ടണമെന്നില്ല, പിന്നീട് അവര്‍ക്ക് ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാം,’ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

വിചാരണ കോടതികളിലെ ജഡ്ജിമാര്‍ ഒന്നിനും ഭയക്കാതെ നീതി നടപ്പിലാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സത്യസന്ധവും സമയബന്ധിതവുമായി നീതി നടപ്പിലാക്കേണ്ടതുണ്ടെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. വിചാരണ കോടതികളില്‍ നിന്ന് നേരിടുന്ന കാലതാമസം ഏകപക്ഷീയമായി അറസ്റ്റ് ചെയ്യപ്പെടുന്നവരെ ദുരിതത്തിലാഴ്ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജഡ്ജിമാരുടെ ഇപ്പോഴത്തെ നടപടികള്‍ സമൂഹം പലപ്പോഴും സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നീതിക്കായി സമീപിക്കുന്നവരെ ഉള്‍ക്കൊള്ളാനും കേള്‍ക്കാനുമുള്ള മനസ് ജഡ്ജിമാര്‍ക്ക് ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാമ്യം നല്‍കാത്തത്തില്‍ നിന്ന് മനസിലാകുന്നത് ജഡ്ജിമാര്‍ തങ്ങളുടെ സുരക്ഷിതമായ നിലനില്‍പ്പ് ഉറപ്പിക്കുകയാണെന്നും ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായേക്കാം. അത് ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നുമാകാം. എന്നിരുന്നാലും ആര്‍ക്കും നീതി ലഭിക്കാത്ത അവസ്ഥയുണ്ടാക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Content Highlight: Chief Justice D.Y.Chandrachud strongly criticized the judges of the trial courts

We use cookies to give you the best possible experience. Learn more