| Wednesday, 3rd July 2024, 10:20 am

കോടതികള്‍ അനുസരിക്കേണ്ടത് ഭരണഘടനയെ; ബാഹ്യ ശക്തികള്‍ക്ക് കീഴ്‌പ്പെടേണ്ടതില്ല: ഡി.വൈ. ചന്ദ്രചൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീതിക്കായി സമീപിക്കുന്നവരെ മാത്രം കോടതികള്‍ സേവിച്ചാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. രാജ്യത്തെ കോടതികള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴ്‌പ്പെട്ടവരാണ്. ബാഹ്യമായ ഒരു ശക്തിക്കും വേണ്ടി കോടതികള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ദല്‍ഹിയിലെ കര്‍ക്കര്‍ദൂമ, ശാസ്ത്രി പാര്‍ക്ക്, രോഹിണി എന്നിവിടങ്ങളിലെ അഡീഷണല്‍ കോടതി കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.

കോടതികളും ജഡ്ജികളും പൊതുസേവന ദാതാക്കളാണ്. കേവലം പരമാധികാരത്തിന്റെ പ്രതീകങ്ങളല്ല. ഭരണഘടനാ സംവിധാനം അടിസ്ഥാനപരമായി നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍, പൊതു കെട്ടിടങ്ങള്‍ അംഗപരിമിതര്‍ക്ക് അനുയോജ്യമായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് ഇന്ത്യയിലെ പ്രമുഖ സ്മാരകങ്ങള്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ സഞ്ചാരം തടസം കൂടാതെ നടക്കുകയാണെങ്കില്‍ ഒരു പക്ഷെ കുത്തബ് മിനാര്‍ വരെ തന്റെ സ്വപ്നത്തിന് സാക്ഷ്യം വഹിച്ചേനെയെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞത് ചീഫ് ജസ്റ്റിസ് പ്രസംഗത്തില്‍ പങ്കുവെച്ചു.

സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുല്ല, ദല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജീവ് ഷക്ധര്‍, ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ .സക്സേന, ദല്‍ഹി വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി മര്‍ലീന എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം ജഡ്ജിമാരെ ദൈവമായും കോടതിയെ ക്ഷേത്രമായും കാണുന്നത് അപകടമാണെന്ന് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു. ജഡ്ജിമാര്‍ ജനങ്ങളുടെ സേവകരാണെന്നും ജനാധിപത്യത്തിലൂന്നിയായിരിക്കണം അവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മറ്റുള്ളവരെ സേവിക്കാനുള്ള ആളുകളായി നിങ്ങള്‍ നിങ്ങളെ തെരെഞ്ഞെടുക്കുമ്പോള്‍ സഹാനുഭൂതിയോടെയും അനുകമ്പയോടെയും ആളുകളെ നോക്കി കാണുന്നതിന് പ്രാധാന്യമുണ്ടായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

Content Highlight: Chief Justice D.Y, Chandrachud said that courts should serve only those who approach for justice

We use cookies to give you the best possible experience. Learn more