ന്യൂദല്‍ഹി: കോടതിക്കുള്ളില്‍ അനൗപചാരിക പദം ഉപയോഗിച്ച അഭിഭാഷകനെതിരെ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വാദത്തിനിടെ അഭിഭാഷകന്‍ അതേയതേ (യാ..യാ) എന്ന് പറഞ്ഞതിനെതിരെയാണ് ചീഫ് ജസ്റ്റിസ് വിമര്‍ശനം ഉന്നയിച്ചത്.
ഇത് കോഫി ഷോപ്പല്ല, കോടതിയാണ് എന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അഭിഭാഷകന്റെ ഭാഷാപ്രയോഗത്തെ വിമര്‍ശിച്ചത്. തനിക്ക് ഇത്തരം പ്രയോഗങ്ങള്‍ കേള്‍ക്കുന്നത് അലര്‍ജിയാണെന്നും കോടതിയില്‍ ഇത് അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
2018ല്‍ ഫയല്‍ ചെയ്ത കേസിലെ വാദം കേള്‍ക്കവേയാണ് സംഭവം നടന്നത്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം വേണമെന്ന ഹരജിയായിരുന്നു കോടതി പരിഗണിച്ചത്. തുടര്‍ന്ന് വാദത്തിനിടെ ‘ഹരജി ആര്‍ട്ടിക്കിള്‍ 32 മായി ബന്ധപ്പെട്ടതാണോ?’ എന്ന് ചീഫ് ജസ്റ്റിസ് ചോദിക്കുകയായിരുന്നു.
പിന്നാലെ ചോദ്യത്തിനുള്ള മറുപടി അഭിഭാഷകന്‍ ആരംഭിച്ചത് അതേയതേ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. മറുപടി പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി തന്നെ ഡി.വൈ. ചന്ദ്രചൂഡ് വിഷയത്തില്‍ ഇടപെടുകയും ചെയ്തു. തുടര്‍ന്നാണ് അഭിഭാഷകന്റെ പ്രയോഗത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഇതിനുപുറമെ രഞ്ജന്‍ ഗോഗോയ് മുന്‍ ചീഫ് ജസ്റ്റിസാണെന്നും അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി എങ്ങനെ ഒരു പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
പരാതിയില്‍ നിന്ന് രഞ്ജന്‍ ഗോഗോയിയുടെ പേര് നീക്കം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധികളെ ചോദ്യം ചെയ്യുമ്പോള്‍ ജഡ്ജിമാരെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം, രജിസ്ട്രി പ്രസ്തുത ഹരജി പുനഃപരിശോധിക്കും. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജി ഗോഗോയ് ഉള്‍പ്പെടെയുള്ള ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹരജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്.
ബെഞ്ചിനെ മുമ്പാകെ വിജയിക്കാന്‍ കഴിയാത്ത ഒരു ഹരജിയെ മുന്‍നിര്‍ത്തി മുന്‍ ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
Content Highlight: Chief Justice D.Y.Chandrachud criticized the lawyer for using informal language in the court