ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസിലെ സുപ്രധാന വിധിക്ക് ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) അപൂര്‍ണ്ണമായ ഡാറ്റ നല്‍കിയെന്ന് വാദിച്ച ഹരജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിച്ച സമയത്ത് നാടകീയമായ സംഭവങ്ങള്‍ക്കാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും തമ്മിലായിരുന്നു സംഭാഷണം.
വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിച്ച നെടുമ്പാറ, ഇലക്ടറല്‍ ബോണ്ട് കേസ് ഒരു നയപരമായ കാര്യമായിരുന്നുവെന്നും, കോടതികള്‍ക്ക് ഇടപെടാനുള്ളതല്ലെന്നും പറയുകയുണ്ടായി.
നെടുമ്പാറ സംസാരിക്കവേ, അല്‍പനേരം നിര്‍ത്തിയ ശേഷം ബെഞ്ച് പറയുന്നത് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പക്ഷേ, ‘ഞാന്‍ ഈ രാജ്യത്തെ പൗരനാണ്’ എന്ന് പറഞ്ഞുകൊണ്ട് നെടുമ്പാറ താന്‍ സംസാരിക്കുന്നത് തുടര്‍ന്നു.
ഈ അവസരത്തില്‍, ‘ഒരു നിമിഷം, ഇവിടം ശബ്ദമുയര്‍ത്തരുത്’ എന്ന് ചീഫ് ജസ്റ്റിസ് ഉറച്ചു പറഞ്ഞു. അതിന് മറുപടിയായി, ‘ഇല്ല, ഇല്ല, ഞാന്‍ വളരെ ശാന്തനാണ്’ എന്ന് നെടുമ്പാറ പ്രതികരിച്ചു.
‘ഇത് ഹൈഡ് പാര്‍ക്ക് കോര്‍ണര്‍ മീറ്റിങ്ങല്ല, നിങ്ങള്‍ കോടതിയിലാണ്. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ എന്റെ തീരുമാനം അറിയിച്ചു. ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല എങ്കില്‍ ഒരു അപേക്ഷ ഫയല്‍ ചെയ്യണം, അത് ഇമെയിലായി അയക്കണം. അതാണ് ഈ കോടതിയിലെ നിയമം. ചീഫ് ജസ്റ്റിസ് പറഞ്ഞു.
നെടുമ്പാറ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇടപെട്ട ജസ്റ്റിസ് ബി.ആര്‍. ഗവായ്, ‘നീതിനിര്‍വഹണ പ്രക്രിയയില്‍ നിങ്ങള്‍ തടസ്സം നില്‍ക്കുന്നു’ എന്ന് നെടുമ്പാറയെ അറിയിച്ചു.
‘അത്രമാത്രം, ഞങ്ങള്‍ നിര്‍ദ്ദേശിച്ച നടപടിക്രമം പാലിക്കുന്നത് വരെ ഞങ്ങള്‍ നിങ്ങളെ കേള്‍ക്കില്ല.’ അപ്പോഴും പിന്മാറാത്ത നോടുമ്പാറയോട് ബെഞ്ച് പറഞ്ഞു. വാദത്തിനിടെ ഇടപെടാന്‍ ശ്രമിച്ച മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആദിഷ് അഗര്‍വാല എന്നിവരുടെ വാദം കേള്‍ക്കാനും കോടതി വിസമ്മതിച്ചു.
Content Highlight: Chief Justice D Y Chandrachood warned Malayali advocate during Electoral bond hearing