| Wednesday, 10th April 2024, 8:51 am

സുപ്രീം കോടതിയില്‍ യുവ അഭിഭാഷകരെ സീറ്റില്‍ 'ഇരുത്തി' ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ ജൂനിയര്‍ അഭിഭാഷകരെ സീറ്റില്‍ ഇരുത്തി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. യുവ അഭിഭാഷകര്‍ക്ക് കോടതി മുറിയില്‍ ഇരിപ്പിടം ക്രമീകരിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. മദ്യ വില്‍പനയും നിര്‍മാണവും നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോ എന്നതിനെക്കുറിച്ചുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം.

ജൂനിയര്‍ അഭിഭാഷകര്‍ ദിവസേന ലാപ്‌ടോപ്പുമായി കോടതിമുറിക്കുളില്‍ നില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യത്തില്‍ പരിഹാരം കണ്ടത്. ഇതുസംബന്ധിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടായിരുന്നു ചീഫ് ജസ്റ്റിസ് ചോദ്യമുന്നയിച്ചത്.

ഉച്ചക്ക് ശേഷം കോടതി ചേരുമ്പോള്‍ അഭിഭാഷകര്‍ക്ക് പുറകില്‍ ഇരിപ്പിടമൊരുക്കാന്‍ കഴിയുമോ എന്ന് നോക്കൂ എന്നായിരുന്നു ചന്ദ്രചൂഡ് തുഷാര്‍ മേത്തയ്ക്ക് നല്‍കിയ നിര്‍ദേശം.

അതേസമയം അഭിഭാഷകര്‍ക്ക് ഇരിപ്പിടമില്ല എന്നത് താനും നിരീക്ഷിച്ചിരുന്നെന്നും കേസുമായി ബന്ധമില്ലാത്ത അഭിഭാഷകര്‍ കോടതി മുറിയില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഉടന്‍ ഇതിനുവേണ്ട ക്രമീകരണങ്ങള്‍ തയ്യാറാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശേഷം കോടതിയില്‍ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ യുവ അഭിഭാഷകര്‍ക്കായി ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.

കോടതി ആരംഭിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ഇരിപ്പിടങ്ങള്‍ നേരിട്ടെത്തി പരിശോധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് മജിസ്ട്രേറ്റിന്റെ ഡയസിലേക്കുള്ള അഭിഭാഷകരുടെ വീക്ഷണം തടസപ്പെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പരിശോധിച്ചു.

ഇന്നത്തെ സംഭവം എല്ലാ കോടതികളും പിന്തുടരേണ്ടതുണ്ടെന്നും ജുഡീഷ്യല്‍ ശ്രേണിയുടെ ഏറ്റവും ഉയര്‍ന്ന പീഠത്തില്‍ ഇരിക്കുന്ന ചീഫ് ജസ്റ്റിസ് യുവ അഭിഭാഷകരുടെ അസ്വാരസ്യങ്ങള്‍ നേരിട്ടെത്തി പരിഗണിക്കുന്നുവെന്നും തുഷാര്‍ മേത്ത മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം സല്യൂട്ട് അര്‍ഹിക്കുന്നുവെന്നും തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു.

Content Highlight: Chief Justice D.Y. Chandrachood seated young lawyers in the Supreme Court

We use cookies to give you the best possible experience. Learn more