ന്യൂദല്‍ഹി: ജഡ്ജിമാര്‍ രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ സമ്മര്‍ദങ്ങളില്‍ നിന്ന് മുക്തരായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീം കോടതിയുടെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാപരമായ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതിക്ക് ആവശ്യമായ മൂന്ന് തത്വങ്ങള്‍ എന്താണെന്ന് ചീഫ് ജസ്റ്റിസ് പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ആദ്യത്തേത് ഒരു സ്വതന്ത്ര ജുഡീഷ്യറിയാണെന്നും അവിടെ സുപ്രീം കോടതി നിയമനിര്‍മാണ സഭയില്‍ നിന്നും എക്‌സിക്യൂട്ടീവില്‍ നിന്നും സ്വതന്ത്രമായിരിക്കണമെന്നും അദ്ദേഹം പറയുന്നു.
‘ജഡ്ജിമാര്‍ സാമൂഹികവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങളില്‍ നിന്നും മനുഷ്യര്‍ പുലര്‍ത്തുന്ന അന്തര്‍ലീനമായ പക്ഷപാതങ്ങളില്‍ നിന്നും മുക്തമായിരിക്കണം. ലിംഗഭേദത്തെക്കുറിച്ചുള്ള അവരുടെ മനോഭാവങ്ങള്‍ മനസിലാക്കാന്‍ കോടതികളിലുടനീളമുള്ള ജഡ്ജിമാരെ ബോധവത്‌ക്കരിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്,’ ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
വിധിനിര്‍ണയത്തോടുള്ള ജുഡീഷ്യല്‍ സമീപനത്തെ കുറിച്ചാണ് അദ്ദേഹം രണ്ടാമത് സംസാരിച്ചത്. സുപ്രീം കോടതി ഭരണഘടനയെ കര്‍ക്കശമായ നിയമങ്ങളായല്ല കാണേണ്ടതെന്നും പകരം ജീവനുള്ള ഒന്നായാണ് കാണേണ്ടതെന്നുമാണ് ചന്ദ്രചൂഡ് പറയുന്നത്.
ഭരണഘടനാപരമായ ഉത്തരവനുസരിച്ച് സുപ്രീം കോടതിക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മൂന്നാമത്തെ തത്വമായി അദ്ദേഹം പറഞ്ഞത്, പൗരന്മാരുടെ ബഹുമാനം നിര്‍ബന്ധമായും ഉറപ്പാക്കുകയെന്നതാണ്.
സുപ്രീം കോടതിയുടെ എഴുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതിയിലെ 34 ജഡ്ജിമാരും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരുന്നു. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരും ഇതില്‍ ഉള്‍പ്പെടുന്നു.
സുപ്രീം കോടതിയില്‍ ഇതുവരെ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെ കുറിച്ചും ചീഫ് ജസ്റ്റിസ് സംസാരിച്ചു. രജിസ്റ്റര്‍ ചെയ്ത 65,915 കേസുകള്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇലക്ട്രോണിക് കേസുകള്‍ ഫയല്‍ ചെയ്യുന്നതിനും പിഴവുകള്‍ പരിഹരിക്കുന്നതിനും ഇടയിലുള്ള സമയം കുറച്ചെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Chief Justice D Y Chandrachood Says Judges should be free from political and social Pressures