ഏകീകൃത സിവില്‍ കോഡിനെ പ്രകീര്‍ത്തിച്ച് എസ്.എ ബോബ്‌ഡെ
Uniform Civil Code
ഏകീകൃത സിവില്‍ കോഡിനെ പ്രകീര്‍ത്തിച്ച് എസ്.എ ബോബ്‌ഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th March 2021, 11:12 pm

പനജി: ഏകീകൃത സിവില്‍ കോഡിനെ പ്രകീര്‍ത്തിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ഗോവയില്‍ ഏകീകൃത സിവില്‍ കോഡ് എങ്ങനെ നടപ്പാക്കുന്നുവെന്ന് ബുദ്ധിജീവികള്‍ പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഗോവയില്‍ പുതിയ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്യവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ മതവ്യത്യാസമില്ലാതെ ഏക തീരുമാനമാണ് ഗോവയിലേതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഗോവയില്‍ എല്ലാവര്‍ക്കും ഏക സിവില്‍ നിയമമാണ് നിലനില്‍ക്കുന്നത്.

ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്. ഒറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും.

ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് എന്ന പേരില്‍ ഹിന്ദുത്വനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.

അതേസമയം രാജ്യത്ത് എത്രയും പെട്ടെന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണ്”- രാജ്നാഥ് സിംഗ് പറഞ്ഞു.

ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവില്‍ കോഡെന്നും തങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chief Justice Bobde lauds Goa for implementing Uniform Civil Code