മാരിറ്റല്‍ റേപ്പുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ച് ചീഫ് ജസ്റ്റിസ്
national news
മാരിറ്റല്‍ റേപ്പുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ച് ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2024, 8:14 pm

ന്യൂദല്‍ഹി: മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വാദങ്ങള്‍ കേള്‍ക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് വിധി പുറപ്പെടുവിക്കാനുള്ള സാധ്യത ഇല്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

നവംബര്‍ പത്തിന് 65 വയസ് തികയുന്ന താന്‍ അന്ന് സ്ഥാനമൊഴിയുമെന്നും വിരമിക്കുന്നതിന് മുമ്പ് ബെഞ്ച് വാദം പൂര്‍ത്തിയാക്കാന്‍ സാധ്യതയില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സമയക്രമമനുസരിച്ച് വാദം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും നാലാഴ്ചത്തെ കാലാവധിക്ക് ശേഷം മാത്രമേ വാദം കേള്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞത്.

അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് മാരിറ്റല്‍ റേപ്പിനെ കുറിച്ചുള്ള ഹരജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയത്. വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ സമീപിക്കുന്നതിന് പകരം സുപ്രീം കോടതി പ്രശ്‌ന പരിഹാരം സ്വയം ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ക്കെതിരെ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വൈവാഹിക ജീവിതത്തിലെ ലൈംഗികത ബലാത്സംഗമായി കാണുന്നത് ദാമ്പത്യ ബന്ധങ്ങളെ അസ്ഥിരപ്പെടുത്തുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

നിലവിലെ സാമൂഹിക-കുടുംബവ്യവസ്ഥിതിയില്‍ ഈ ഭേദഗതികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭര്‍ത്താക്കന്മാര്‍ക്ക് നിയമപരമായി പ്രതിരോധിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.

മാരിറ്റല്‍ റേപ്പുമായി ബന്ധപ്പെട്ട ദല്‍ഹി ഹൈക്കോടതിയുടെയും കര്‍ണാടക ഹൈക്കടതിയുടെയും ഹരജികള്‍ സുപ്രീം കോടതി നേരത്തെ പരിഗണിച്ചിരുന്നു. സ്വന്തം ഭാര്യയുമായി നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ സംബന്ധിച്ചായിരുന്നു ഇരു ഹരജികളും.

മാരിറ്റല്‍ റേപ്പില്‍ നിന്ന് ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കുന്നത് ഭരണണഘടനാ വിരുദ്ധമാണെന്നത് തര്‍ക്ക വിഷയമാണെന്നും നിയമം റദ്ദാക്കണമെന്നും തുടങ്ങിയ ചര്‍ച്ചകള്‍ ഈ വിഷയത്തെ തുടര്‍ന്ന് നടന്നിരുന്നു.

ഭര്‍ത്താവ് ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയിരിക്കുന്ന വ്യവസ്ഥകള്‍ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും റദ്ദാക്കണമെന്നും ഹരജികള്‍ വന്നിരുന്നു.

Content Highlight: Chief Justice adjourns hearing on plea related to marital rape