ജമ്മു കശ്മീര്‍ പൊലീസ് ജുഡീഷ്യറിയെ തരതാഴ്ത്തി; ഈ ഭരണത്തിന് മുന്‍പില്‍ ഞങ്ങള്‍ കുമ്പിടണോ; കടുത്ത വിമര്‍ശനവുമായി ജഡ്ജി
national news
ജമ്മു കശ്മീര്‍ പൊലീസ് ജുഡീഷ്യറിയെ തരതാഴ്ത്തി; ഈ ഭരണത്തിന് മുന്‍പില്‍ ഞങ്ങള്‍ കുമ്പിടണോ; കടുത്ത വിമര്‍ശനവുമായി ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2024, 4:06 pm

ശ്രീനഗര്‍: പശുവിനെ കശാപ്പു ചെയ്‌തെന്ന് ആരോപിച്ച് ജയിലിടച്ച പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാനായി പ്രതിക്കെതിരെ പൊതുസുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കിഷ്ത്വാറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി.

ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുണ്ടായ ഇടപെടലാണെന്നും ജുഡീഷ്യറിയുടെ പ്രതിച്ഛായയെ തരംതാഴ്ത്തലാണെന്നും ജഡ്ജി മഹ്‌മൂദ് അന്‍വര്‍ അല്‍നാസിര്‍ പറഞ്ഞു.

ജമ്മുകശ്മീരിലെ പൊലീസ് ഭരണകൂടത്തിനും അവരുടെ താത്പര്യങ്ങള്‍ക്കും മുന്‍പില്‍ തങ്ങള്‍ കുമ്പിടണമോയെന്നും
അതോ നിയമവും വ്യവസ്ഥാപിത നടപടിക്രമങ്ങളും അനുസരിച്ച് മുന്നോട്ടുപോകുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു.

2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ജമ്മു കശ്മീര്‍ പൊലീസ്.

ഇക്കഴിഞ്ഞ ജൂലൈയില്‍, പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് കിഷ്ത്വാര്‍ ജില്ലയിലെ ലോവര്‍ പോച്ചല്‍ നിവാസികളായ ഷേര്‍ മുഹമ്മദ്, സലീം പര്‍വൈസ്, മുസാവിര്‍ അഹമ്മദ്, അര്‍ഫാന്‍ ഹുസൈന്‍ എന്നീ നാല് പേരെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലായ് ഏഴിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പശുവിന്റെ മുഴുവന്‍ ജഡവും ലഭ്യമല്ലാത്തതിനാല്‍ പശുവിന്റെ ലിംഗം നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ ചീഫ് അനിമല്‍ ഹസ്പെന്‍ഡറി ഓഫീസര്‍ കോടതിയെ അറിയിച്ചു.

ഇതിന് പിന്നാലെ ജൂലായ് 18 ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍ നാല് പ്രതികളില്‍ ഒരാളായ ഷേര്‍ മുഹമ്മദിനെ ജാമ്യം ലഭിച്ചെങ്കിലും പൊലീസ് വിട്ടയച്ചില്ല. മാത്രമല്ല ഇദ്ദേഹത്തിനെതിരെ വിചാരണ കൂടാതെ ഒരാളെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന പൊതു സുരക്ഷാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍, ഈ നിയമത്തിന് കീഴില്‍ ഏകദേശം 20,000 പേരെ തടവിലാക്കിയിട്ടുണ്ട്.

കോടതി രേഖകള്‍ പറയുന്നത് പി.എസ്.എ (പ്രിവന്റീവ് ഡിറ്റക്ഷന്‍ ആക്ട്) ഡോസിയര്‍ പ്രകാരം പ്രസ്തുത എഫ്.ഐ.ആറിന്റെയും കിഷ്ത്വാര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും/പോലീസ് പോസ്റ്റുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 16 ഡെയ്ലി ഡയറി റിപ്പോര്‍ട്ടുകളുടെയും (ഡി.ഡി.ആര്‍) അടിസ്ഥാനത്തിലാണ് ഷേറിനെ തടങ്കലിലാക്കിയതെന്നാണ്.

എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് ഒന്നിന്, ഷേറിന്റെ അഭിഭാഷകന്‍ സി.ജെ.എം കോടതിയില്‍ പൊലീസിനെതിരെ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു.

ഷേറിന് അനുവദിച്ച ഇടക്കാല ജാമ്യത്തെ മറികടക്കാനും അദ്ദേഹത്തെ ജയിലില്‍ അടക്കാനും വേണ്ടി പൊലീസ് വ്യാജ ഡി.ഡി റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് ആഗസ്റ്റ് അഞ്ചിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അല്‍നാസിര്‍ പറഞ്ഞു. ജമ്മു കശ്മീര്‍ പൊലീസിന്റെ ഈ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

‘രാജ്യത്തെ നിയമമനുസരിച്ച് ശിക്ഷാര്‍ഹമായ ഒരൊറ്റ കേസുമായി ബന്ധപ്പെട്ടാണ് ഡി.ഡി റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നത്. പ്രതി മുന്‍കാലങ്ങളില്‍ കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍, നിയമം അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് മുന്‍കേസുകളില്‍ കണ്ടെത്തിയില്ലെങ്കില്‍ ആ പ്രതിയെ കൂടുതല്‍ കാലം തടവില്‍ വെക്കാന്‍ നിയമം അനുവദിക്കുന്നില്ല. നിലവില്‍ അന്വേഷണം തുടരുന്ന കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്ത കേസുകളിലും പൊലീസിന് പ്രത്യേക അധികാരം ഉപയോഗിക്കാനും കഴിയില്ല,’ അദ്ദേഹം പറഞ്ഞു.

പ്രതിക്ക് ജാമ്യം അനുവദിച്ചത് ഒരു പ്രത്യേക സമുദായത്തില്‍ രോഷമുണ്ടാക്കിയെന്നാണ് ഡി.ഡി റിപ്പോര്‍ട്ട് അവകാശപ്പെടുന്നതെന്നും ജഡ്ജി പറഞ്ഞു.

‘കിഷ്ത്വാര്‍ ജില്ലയിലുടനീളമുള്ള ഡി.ഡി റിപ്പോര്‍ട്ടുകളില്‍ ഭൂരിഭാഗവും പ്രതികളുടെ ജാമ്യാപേക്ഷയ്ക്ക് ശേഷം തയ്യാറാക്കിയവയാണ്. കോടതിയുടെ പതിവ് രീതികളെ മറികടക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

കൂടാതെ ഓരോ റിപ്പോര്‍ട്ടിലും ‘സി.ജെ.എം കോടതി പ്രതി നമ്പര്‍ 1 നെ ജാമ്യത്തില്‍ വിട്ടയച്ചതിന് ശേഷം’ എന്ന വാക്ക് പ്രത്യേകമായി കാണാന്‍ സാധിക്കും. ജാമ്യം നല്‍കിയതില്‍ സമൂഹത്തില്‍ കടുത്ത രോഷമുണ്ടെന്നും അവര്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അല്ലെങ്കില്‍ ഡി.എം ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തുമോ എന്ന് ആശങ്കയുണ്ടെന്നും അതിനാല്‍ പ്രതികളെ പി.എസ്.എ കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ടെന്നുമാണ് ഡി.ഡി റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതിവെക്കുന്നത്,’ ജഡ്ജി പറഞ്ഞു.

വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഈ ഡി.ഡി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഏതൊരു പ്രതിയേയും തടങ്കലിലാക്കാന്‍ സാധിക്കുമെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും ജഡ്ജി പറഞ്ഞു.

‘നാളെ ഇതൊരു നിയമമായി വന്നാല്‍ മൂന്ന് പൊലീസ് പോസ്റ്റുകളില്‍ മൂന്ന് ഡി.ഡി റിപ്പോര്‍ട്ടുകള്‍ ഇട്ടുകൊണ്ട് ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ പൊതു സുരക്ഷാ നിയമ പ്രകാരം തടവിലാക്കാം, കൂടാതെ വിചാരണ കൂടാതെയും എഫ്.ഐ.ആര്‍ ഇടാതെ പോലും
തടവിലാക്കാം.

ഏതെങ്കിലും വിഭാഗത്തിലെയോ സമുദായത്തിലെയോ / വര്‍ണ്ണത്തിലെയോ ജാതിയിലെയോ ഉള്‍പ്പെട്ട വ്യക്തികളെ എളുപ്പത്തില്‍ തടങ്കലില്‍ വെക്കാന്‍ അവര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ എഴുതിയാല്‍ മതിയെന്നും ജഡ്ജി പറഞ്ഞു.

ജാമ്യത്തിലിറങ്ങിയിട്ടും അതേ എഫ്.ഐ.ആറില്‍ തടവിലാക്കപ്പെട്ട ബലിയാടാണ് ഷേര്‍ മുഹമ്മദ്. ജാമ്യം ലഭിച്ച കേസിലാണ് അദ്ദേഹത്തിന് മേല്‍ പൊതുനിയമപ്രകാരം കുറ്റം ചുമത്തിയിരിക്കുന്നത്.

ഒരു എഫ്.ഐ.ആറില്‍ പ്രത്യേകിച്ച് സെക്ഷന്‍ 295 ഐ.പി.സി പോലുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകളില്‍ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ വയ്ക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു.

‘വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ പൊതു സുരക്ഷയ്ക്ക് കാര്യമായ ഭീഷണിയാണെന്ന് തടങ്കലില്‍ വയ്ക്കുന്ന അതോറിറ്റിക്ക് വ്യക്തമാക്കാന്‍ സാധിക്കണം. അക്രമാസക്തമായ പെരുമാറ്റത്തിന്റെ ചരിത്രമോ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കലോ അല്ലെങ്കില്‍ പൊതു ക്രമത്തിന് കാര്യമായ ഭീഷണി ഉയര്‍ത്തലോ പോലുള്ള സാഹചര്യത്തില്‍ മാത്രമെ പൊതുസുരക്ഷാ നിയമപ്രകാരമുള്ള തടങ്കലിനെ ന്യായീകരിക്കാനാവുകയുള്ളൂ.

ഭാരതീയ ന്യായ് സംഹിത വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡി.ഡി റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരിക്കുന്ന കാര്യമല്ലാതെ പ്രതിക്ക് ജാമ്യം നിഷേധിക്കാന്‍ ഉതകുന്ന മറ്റൊന്നും ഇല്ല. ഇത് പ്രതിയുടെ അവകാശങ്ങളെ നിഷേധിക്കലാണ്. കോടതിയോടുള്ള അവഹേളനമാണ്. കോടതിയുടെ ഉത്തരവുകള്‍ മറികടക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ജഡ്ജി പറഞ്ഞു.

‘നമ്മള്‍ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണോ എന്നതാണ് ഇവിടെ ചോദ്യം. അങ്ങനെയെങ്കില്‍, ഭരണഘടനയിലും അതിലെ ആര്‍ട്ടിക്കിളുകളിലും, മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 20, 21, പ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിലും നാം വിശ്വസിക്കുന്നുണ്ടോ?

അതോ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം നിരപരാധിയായി കണക്കാക്കേണ്ട ഒരു വ്യക്തിയുടെ അവകാശങ്ങളെ എക്‌സിക്യൂട്ടീവ് ചവിട്ടിമെതിക്കുകയും പൊലീസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ കോടതികള്‍ എന്ന നിലയില്‍ നമ്മള്‍ നിശബ്ദ കാഴ്ചക്കാരായി തുടരണോ?

ഇത് കോടതി ഉത്തരവിന്റെ നഗ്‌നമായി ലംഘിക്കുക മാത്രമല്ല, രാജ്യത്തെ നിയമം അനുശാസിക്കുന്നതിലും അപ്പുറമായി ശിക്ഷാനടപടികള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് നിയമനിര്‍മ്മാണ സഭയുടെ അന്തസിനെ തുരങ്കം വയ്ക്കുകയാണ്. കോടതികള്‍ എന്ന നിലയില്‍ നമ്മള്‍ ഇതിന് നിശബ്ദ കാഴ്ചക്കാരാകണോ? പൊലീസ് സ്റ്റേറ്റിന്റെ അധികാരത്തിന് ഞങ്ങള്‍ സമ്മതം നല്‍കണോ?’, കോടതി ചോദിച്ചു.

Content Highlight: Chief judicial magistrate of Kishtwar came down heavily on J&K police