| Saturday, 8th January 2022, 5:55 pm

ഇ.വി.എമ്മിന് എന്ത് പ്രശ്നമാണ്, ഒരു പ്രശ്നവുമില്ല; രാജ്യം ഇ.വി.എം കണ്ടുപിടിച്ചതില്‍ അഭിമാനിക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇ.വി.എം കണ്ടുപിടിച്ചത് ഇന്ത്യയാണ് എന്നതില്‍ ആളുകള്‍ അഭിമാനിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര.

യു.പി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കമ്മീഷണര്‍ ഇക്കാര്യം പറഞ്ഞത്.

എ.എന്‍.ഐയാണ് കമ്മീഷണറുടെ പ്രസ്താവനയുടെ ട്വീറ്റ് പങ്കുവെച്ചത്.

”ഇ.വി.എം ഇപ്പോള്‍ ഒരു പ്രശ്‌നമല്ല. 2004 മുതല്‍ നിലവിലുള്ളതാണ് ഇത്. 350 കോടിയിലധികം വോട്ടര്‍മാര്‍ ഈ മെഷീന്‍ ഉപയോഗിച്ചിട്ടുണ്ട്.

കൃത്യമായ തെരഞ്ഞെടുപ്പ് ഫലം തരുന്ന, കൃത്യമായ സംവിധാനമുള്ള, വേഗത്തില്‍ വോട്ടുകളെണ്ണുന്ന ഇ.വി.എം കണ്ടുപിടിച്ചത് ഈ രാജ്യമാണ് എന്നതില്‍ നിങ്ങള്‍ അഭിമാനിക്കണം,” സുശീല്‍ ചന്ദ്ര പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം.

യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

നാമനിര്‍ദേശപത്രിക ഓണ്‍ലൈന്‍ ആയി നല്‍കാമെന്നും വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

18.43 കോടി വോട്ടര്‍മാരാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലൂം കൂടിയുള്ളത്. ഇതില്‍ 8.55 കോടി വോട്ടര്‍മാര്‍ സ്ത്രീകളാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സ്റ്റേഷനുകളുടെ എണ്ണം പതിനാറ് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

യു.പിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായും ഉയര്‍ത്തി.

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Chief election Commissioner Sushil Chandra says EVM is no issue now

We use cookies to give you the best possible experience. Learn more