ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും(പി.എഫ്.ഐ) സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും(എസ്.ഡി.പി.ഐ) തമ്മിലുള്ള ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.
എസ്.ഡി.പി.ഐ കമ്മീഷന് മുമ്പാകെ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇതില്‍ ഇരു സംഘടനകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഇന്ത്യ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പി.എഫ്.ഐ നിരോധനത്തിന് പിന്നാലെ അവരുടെ രാഷ്ട്രീയ നേതൃത്വമെന്ന് പറയപ്പെടുന്ന എസ്.ഡി.പി.ഐയുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
‘എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍, അവരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.
ആവശ്യമായ എല്ലാ രേഖകളും എസ്.ഡി.പി.ഐ ഹാജരാക്കിയിട്ടുണ്ട്. നിലവില്‍ സംഘടനയ്ക്കെതിരെ നടപടി വേണ്ട തരത്തില്‍ പി.എഫ്.ഐയുമായി എസ്.ഡി.പി.ഐക്ക് ബന്ധമുള്ള കാര്യം കണ്ടെത്താനായിട്ടില്ല,’ രാജീവ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 28ന് പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവക്കുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ എസ്.ഡി.പി.ഐ ഉള്‍പ്പെട്ടിരുന്നില്ല.