| Tuesday, 23rd January 2018, 4:36 pm

'നല്‍കിയ അവസരങ്ങള്‍ എ.എ.പി കൃത്യമായി ഉപയോഗിച്ചില്ല'; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ശരിയായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇരട്ടപ്പദവി വിവാദത്തില്‍ 20  ആം ആദ്മി എം.എല്‍.എ മാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് രംഗത്ത്. എം.എല്‍.എ മാരുടെ വിശദീകരണം കേള്‍ക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ അത് വേണ്ട രീതിയില്‍ അവര്‍ ഉപയോഗിച്ചില്ലെന്ന് റാവത്ത് കുറ്റപ്പെടുത്തി.

വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 28 നും നവംബര്‍ 2 നും എം.എല്‍.എ മാര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അതില്‍ രേഖാമൂലമുള്ള മറുപടി നല്‍കാന്‍ പാര്‍ട്ടി എം.എല്‍.എമാര്‍ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്മീഷന് നിലവില്‍ അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ് എം.എല്‍.എമാര്‍ പറഞ്ഞത്. പുതുതായി ഒരു വിശദീകരണവും എം.എല്‍.എ മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്നും റാവത്ത് പറഞ്ഞു.

2015 ലാണ് ആം ആദ്മി എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയമിക്കുന്നത്. ഈ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം ആം ആദ്മിക്ക് കനത്ത തിരിച്ചടി നല്‍കി 20 എം.എല്‍.എ മാരെ അയോഗ്യരാക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം ഒപ്പു വച്ചിരുന്നു. എം.എല്‍.എ മാര്‍ അയോഗ്യരായതോടെ ദല്‍ഹിയില്‍ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more