തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം.
വിചാരണ നീണ്ടുപോകുന്നത് കണക്കിലെടുത്ത് ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിര്‍ത്തേണ്ടതില്ലെന്ന ഗ്രീഷ്മയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കേസിലെ പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ നേരത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 42 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. 2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്.
ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാര്‍പ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തില്‍ കലര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഹരജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
Content Highlight: Chief accused Greeshma granted bail in Parashala Sharon murder case.