| Sunday, 18th February 2024, 4:00 pm

അന്നവർ മഞ്ഞുമ്മൽ ബോയ്സ് ഉപേക്ഷിക്കാൻ കാരണം അതായിരിക്കാം, ഇതാണ് നല്ല സമയം: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം നടന്ന സംഭവത്തെ കുറിച്ചുള്ള കഥയാണ്.

ചിത്രത്തിന്റെ ട്രെയ്ലർ വന്നതോടെ വലിയ ഹൈപ്പാണ് പ്രേക്ഷകർക്കിടയിൽ വന്നിട്ടുള്ളത്. തനിക്ക് മുമ്പേ മറ്റുചിലരും മഞ്ഞുമ്മൽ ബോയ്സിന്റെ കഥ സിനിമയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് സംവിധായകൻ ചിദംബരം പറയുന്നത്.


ഒരു റിയൽ സ്റ്റോറി സിനിമയാക്കുമ്പോൾ നിറയെ വെല്ലുവിളിയുണ്ടെന്നും അതുകൊണ്ടാവാം അവർ അന്ന് ചിത്രം ഉപേക്ഷിച്ചതെന്നും ചിദംബരം പറഞ്ഞു.

എന്നാൽ ഇന്ന് മലയാള സിനിമ ഇങ്ങനെയൊരു ചിത്രം ചെയ്യാൻ തയ്യാറായി കഴിഞ്ഞെന്നും ഇതാണ് നല്ല സമയമെന്നും ചിദംബരം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ചിദംബരം.

‘ഞാൻ മാത്രമല്ല, എനിക്ക് മുമ്പേ രണ്ട് മൂന്ന് പേര് ഈ സിനിമ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പടത്തിൽ ഇവരുടെ റിയൽ ലൈഫ് സ്റ്റോറി എടുക്കാൻ വേണ്ടി നമ്മൾ എഴുതി വരുമ്പോഴാണ് ഇത് കുറച്ച് വലുതാണല്ലോയെന്ന് മനസിലാക്കുക. പടം ഉണ്ടാക്കാൻ തുടങ്ങുമ്പോൾ മാത്രമേ നമുക്ക് അതിന്റെ സ്കേൽ മനസിലാവുള്ളൂ.

അങ്ങനെ ആയിരിക്കാം എനിക്ക് മുമ്പേ ശ്രമിച്ചവർ ഈ പടം വേണ്ടായെന്ന് വെച്ചത്. പക്ഷെ ഇന്ന് മലയാള സിനിമ ഇങ്ങനെയുള്ള സിനിമകൾ ചെയ്യാൻ തയ്യാറായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇതാണ് അത് ചെയ്യാനുള്ള കറക്റ്റ് സമയം,’ചിദംബരം പറയുന്നു.

Content Highlight: Chidhambaram Talk About Manjummal Boys

We use cookies to give you the best possible experience. Learn more