ഈ വർഷം ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരിക്കുകയാണ്.
ലോകവ്യാപകമായി ഏറ്റവും കൂടുതൽ കളക്ഷൻ എടുക്കുന്ന മലയാള ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്. ജാന്‍ ഏ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയായിരുന്നു സംസാരിച്ചത്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിലും വലിയ രീതിയിൽ സിനിമ സ്വീകരിക്കപ്പെട്ടു.
തമ്മിലുള്ള പ്രമുഖ താരങ്ങൾ അടക്കം നിരവധി പേരായിരുന്നു ചിത്രത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നത്. ചിത്രത്തിൽ കമൽഹാസൻ അഭിനയിച്ച ഗുണ എന്ന സിനിമയെക്കുറിച്ച് ഇടയ്ക്ക് പരാമർശിക്കുന്നുണ്ട്. ഗുണയിലെ ‘കണ്മണി’ എന്ന പാട്ട് മഞ്ഞുമ്മൽ ബോയ്സിൽ വീണ്ടും അവതരിപ്പിച്ചത് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
ടെക്നിക്കൽ ക്വാളിറ്റിയിൽ ഏറെ കയ്യടി നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. അജയൻ ചാലിശ്ശേരിയുടെ ആർട്ടും ഷൈജു ഖാലിദിന്റെ ക്യാമറയും സുഷിന്റെ മ്യൂസിക്കുമൊക്കെ വലിയ സ്വീകാര്യത നേടി.
ചിത്രത്തിൽ ഗുഹക്കുള്ളിലേക്ക് വീണ സുഭാഷിനെ കുഴികുളിൽ വെച്ച് കാണിക്കുന്ന ആദ്യ ഷോട്ട് സിനിമ കണ്ട പ്രേക്ഷകരാരും മറക്കാൻ ഇടയില്ല. റോണക്സ് സേവ്യർ ആയിരുന്നു ചിത്രത്തിൽ മേക്കപ്പ് നിർവഹിച്ചത്.
എന്നാൽ ആ സീനിൽ സുഭാഷിന്റെ ഭീകരവസ്ഥ ഓറിയോ ബിസ്കറ്റിലൂടെയാണ് കാണിച്ചതെന്ന് സംവിധായകൻ ചിദംബരം പറയുന്നു. അതൊരു മേക്കപ്പ് ടെക്നിക്കാണെന്നും ശ്രീനാഥ് ഭാസി ഉറുമ്പ് കടി കൊള്ളുകയായിരുന്നുവെന്നും ജാങ്കോ സ്പേസ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.
‘പ്രോസ്ത്തറ്റിക്ക് മേക്കപ്പ് അല്ല. അത് മുഴുവൻ ഓറിയോ ബിസ്ക്കറ്റാണ്. അതൊരു മേക്കപ്പ് ടെക്നിക്കാണ്. അതിന്റെ മേക്കപ്പ് ചെയ്തത് റോണെക്സാണ്. അദ്ദേഹം ഒരുപാട് സീനിയർ ആയിട്ടുള്ള മേക്കപ്പ് മാനാണ്. ആ സമയത്ത് ഭാസിയെ ഉറുമ്പുകൾ കടിക്കുമായിരുന്നു,’ചിദംബരം പറയുന്നു.
Content Highlight: Chidhambaram Talk About Makeup Of Manjummal Boys Movie