മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ തകർത്തോടുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും ഗംഭീര മുന്നേറ്റമാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നുവരെ ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
ചിത്രത്തിന്റെ വിജയഘോഷത്തിനിടയ്ക്ക് തന്റെ അടുത്ത സിനിമയെ കുറിച്ച് പറയുകയാണ് ചിദംബരം.
രണ്ട് മൂന്ന് കഥയുടെ പ്ലാൻ കയ്യിലുണ്ടെന്നും സിനിമയിലേക്ക് എത്തിയിട്ടില്ലെന്നും ചിദംബരം പറയുന്നു. ഒരു സിനിമ വളരെ വലുതാണെന്നും കേരളം ഉണ്ടാകുന്നതിന്റെ ചരിത്രത്തെ കുറിച്ചുള്ള കഥയാണ് അതെന്നും ചിദംബരം പറയുന്നു. ദ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
‘അടുത്ത പടത്തിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ എത്തും. രണ്ടുമൂന്ന് പടങ്ങള്‍ മനസിലുണ്ട്. അതില്‍ ഒന്ന് വളരെ വലുതാണ്. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ വലിയ സ്‌കെയിലിലുള്ള പടമാണ് വരുന്നത്. ഇപ്പോള്‍ തന്നെ അതിനെ പറ്റി ആലോചിക്കുമ്പോള്‍ പേടിയാണ്,’ ചിദംബരം പറയുന്നു.
‘ഴോണറിനെ കുറിച്ച് ചോദിച്ചാല്‍, ഒരു ഹിസ്റ്റോറിക് ആയ ചിത്രമാണ് അത്. കേരളത്തിന്റെ ചരിത്രത്തിന്റെ പ്രധാന ഭാഗം തന്നെയാണ് സിനിമയുടെ തീം. കേരളമുണ്ടാകുന്ന ചരിത്രത്തിന്റെ ഭാഗമായ കഥയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്,’ ചിദംബരം പറഞ്ഞു.
ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. പതിനൊന്ന് യുവാക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഈ സിനിമ കേരളത്തിലും തമിഴ്നാട്ടിലുമുള്ള തിയേറ്ററുകളില്‍ വന്‍ വിജയമാണ്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് സിനിമക്കായി ഒന്നിച്ചത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Content Highlight: Chidhambaram Talk About His Next Movie Based On Kerala History