കോണ്‍ഗ്രസിന്റെ സാന്നിദ്ധ്യം ദുര്‍ബലമായിട്ടുണ്ട്, ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആശങ്കയുണ്ടാക്കുന്നു; പി.ചിദംബരം
national news
കോണ്‍ഗ്രസിന്റെ സാന്നിദ്ധ്യം ദുര്‍ബലമായിട്ടുണ്ട്, ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആശങ്കയുണ്ടാക്കുന്നു; പി.ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th November 2020, 1:53 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. സമൂഹത്തിന്റെ അടിത്തട്ട് വരെ പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്ന സാന്നിദ്ധ്യം ഇപ്പോഴില്ലെന്നും ദുര്‍ബലമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ആശങ്കയിലാണ്. പാര്‍ട്ടി സാന്നിദ്ധ്യം ഇല്ലാതായി എന്നോ അല്ലെങ്കില്‍ ദുര്‍ബലമാക്കപ്പെട്ടെന്നോ ആണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

‘ബീഹാറില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന് വിജയിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നിട്ടും വിജയത്തോട് വളരെ അടുത്ത് നിന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങള്‍ തോറ്റത് എന്ന വിഷയം സമഗ്രമായ അവലോകനം ചെയ്യേണ്ടതാണ്. ബീഹാറില്‍ സംഘടനബലമനുസരിച്ചല്ല കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 20 വര്‍ഷമായി ബി.ജെ.പിയോ സഖ്യകക്ഷികളോ വിജയിച്ച 25 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കുറഞ്ഞത് 45 സീറ്റിലേക്കെങ്കിലും പാര്‍ട്ടി മത്സരിക്കേണ്ടതായിരുന്നു’, ചിദംബരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്ന് സിബല്‍ പറഞ്ഞിരുന്നു.

ബീഹാറിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും നേതൃത്വം ഇതില്‍ ആത്മ പരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മധ്യപ്രദേശില്‍ 28 സീറ്റുകളില്‍ മത്സരിച്ചതില്‍ 8 സീറ്റുകളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് വിജയിക്കാനായത്,’ കപില്‍ സിബല്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കിയതെന്നും നേരത്തെ നേതൃത്വത്തിന് കത്തയച്ച സംഭവത്തില്‍ സിബല്‍ പറഞ്ഞു.

സംഘടനാപരമായി കോണ്‍ഗ്രസിന് സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നമെന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അതിന്റെ ഉത്തരവും എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ഉത്തരം സ്വയം ചികഞ്ഞ് കണ്ടെത്താനുള്ള ഒരു ശ്രമവും പാര്‍ട്ടിക്കകത്ത് നിന്ന് കൊണ്ട് നടക്കുന്നില്ല. എല്ലാവരുടെയും ഇന്നത്തെ ആശങ്കയും അതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേന്ദ്രം മുഖ്യധാരാ മാധ്യമങ്ങളെ വരെ നിയന്ത്രിക്കുകയാണെന്നും ജനങ്ങളിലേക്കെത്താന്‍ മറ്റു വഴികള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ ഒരു ഫലവും കിട്ടുന്നില്ല. അപ്പോള്‍ അതിന് വേണ്ട കാര്യങ്ങള്‍ എന്താണെന്ന് തേടി കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

ബീഹാറിലെയും വിവിധ ഉപതെരഞ്ഞെടുപ്പുകളിലെയും തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ പതിവ് പോലെ എല്ലാം ഒരു ബിസിനസാണെന്നാവും അവര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കേണ്ടിയിരുന്നില്ലെന്ന വിമര്‍ശനവുമായി ആര്‍.ജെ.ഡി, സി.പി.ഐ.എം.എല്‍ അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ