ആ സീന്‍ ആദ്യം സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല, ഗുണാ കേവ് കണ്ടപ്പോള്‍ ഷൂട്ട് ചെയ്തതാണ്: ചിദംബരം
Entertainment
ആ സീന്‍ ആദ്യം സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല, ഗുണാ കേവ് കണ്ടപ്പോള്‍ ഷൂട്ട് ചെയ്തതാണ്: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th February 2024, 2:52 pm

ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ യഥാര്‍ത്ഥ ഗുണാ കേവിനകത്ത് ചിത്രീകരിച്ച രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ചിദംബരം. ശ്രീനാഥ് ഭാസി സ്വപ്‌നം കാണുന്ന രംഗം സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നെന്നും പെട്ടെന്ന് പ്ലാന്‍ ചെയ്ത് ഷൂട്ട് ചെയ്തതാണെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജാങ്കോ സ്‌പേസ് ടി.വി. ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ ഒറിജിനല്‍ ഗുണാ കേവിലിറങ്ങി, അത് കണ്ട സമയത്താണ് ആ സീന്‍ എടുക്കാമെന്ന് തീരുമാനിക്കുന്നത്. അതുവരെ സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത സീനായിരുന്നു അത്. ഇതാണ് ഡെവിള്‍സ് കിച്ചണ്‍, ഇവിടെ എന്തെങ്കിലും ഷൂട്ട് ചെയ്യണമെന്ന് ഉറപ്പിച്ചപ്പോള്‍ ഡ്രീം സീക്വന്‍സ് ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുന്നു. ഭാസി രക്തത്തില്‍ കുളിച്ചുവരുന്നതാണ് ആദ്യം പ്ലാന്‍ ചെയ്തത്. പക്ഷേ ഒരു മണിക്കൂര്‍ മേക്കപ്പ് ചെയ്യാന്‍ വേണ്ടിവരുമെന്ന് മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

നമ്മുടെ കൈയില്‍ അത്രയും സമയമില്ല. ഷൂട്ടിന് രാവിലെ അഞ്ച് മണി മുതല്‍ ഒമ്പത് മണി വരെയേ പെര്‍മിഷനുള്ളൂ. അതിനുള്ളില്‍ ഷൂട്ട് കഴിഞ്ഞ് തിരിച്ച് കേറണം. അഞ്ച് മണിക്ക് എല്ലാ എക്വിപ്പ്‌മെന്റുകളുമായി ട്രക്ക് ചെയ്ത് താഴെയിറങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് കഷ്ടിച്ച് ഒരു മണിക്കൂര്‍ മാത്രമേ ഷൂട്ട് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. ഒമ്പതുമണിക്ക് ഗുണാ കേവ് പബ്ലിക്കിന് ഓപ്പണ്‍ ആവുന്നതിനു മുന്നേ നമ്മള്‍ ഇറങ്ങണം. അതിനുള്ളില്‍ ഷൂട്ട് തീര്‍ക്കേണ്ട അവസ്ഥയായി. മേക്കപ്പ് എന്തായാലും നടക്കില്ലെന്ന് തീരുമാനമായി. പിന്നെ വന്ന ചിന്ത കോസ്റ്റിയൂമാണ്. ഏത് കോസ്റ്റിയൂം വേണമെന്ന് മഷറിനോട് ആലോചിച്ചപ്പോള്‍ അവനാണ് എന്നോട് പറഞ്ഞത്, നമുക്ക് അങ്ങനെ നോക്കിയാലോ എന്ന്. ഒരു മിനിറ്റ് പോലും ആലോചിക്കാതെ ഞാനും ഭാസിയും പറഞ്ഞു, ലെറ്റ്‌സ് ഡൂ ഇറ്റ്. അങ്ങനെ ആ സീന്‍ അവിടെ ഷൂട്ട് ചെയ്തു,’ ചിദംബരം പറഞ്ഞു.

Content Highlight: Chidambarm shares the story behind dream sequence in Manjummel Boys