| Saturday, 27th February 2016, 8:05 am

ചിദംബരത്തിന്റെ പ്രസ്താവന നേരത്തെ ആയിരുന്നെങ്കില്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കഴിഞ്ഞേനെ: അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പ്രസ്താവന നേരത്തെ ആയിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കഴിഞ്ഞേനെയെന്ന് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന് ആക്രമണത്തില്‍ പങ്കുണ്ടായിരുന്നോ എന്ന കാര്യം സംശയാസ്പദമാണെന്ന് പി. ചിദംബരം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ.

ചിദംബരത്തിന്റെ പ്രസ്താവന കുറേക്കൂടി നേരത്തെ ആയിരുന്നെങ്കില്‍, അദ്ദേഹം വധശിക്ഷയെ എതിര്‍ത്തിരുന്നെങ്കില്‍, വധശിക്ഷ ഇല്ലാതാക്കാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവിനെ തൂക്കിലേറ്റുന്നത് തടയാമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

” അതേസര്‍ക്കാരാണ് എന്റെ ഭര്‍ത്താവിനെ തൂക്കിലേറ്റിയത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അതീവ രഹസ്യമായി. രാഷ്ട്രീയക്കാര്‍ പറയുന്ന ഒരു വാക്കുപോലും ഞാന്‍ വിശ്വസിക്കില്ല.” താബാസം പറഞ്ഞു.

തന്റെ ഭര്‍ത്താവ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അതുകൊണ്ടുതന്നെ ചിദംബരത്തിന്റെ വാക്കുകള്‍ക്ക് യാതൊരു വിലയുമില്ലെന്നും അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിന്റെ വധശിക്ഷയ്‌ക്കെതിരെ രംഗത്തുവന്ന ജെ.എന്‍.യു വിദ്യാര്‍ഥികളെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

” ഈ കുട്ടികള്‍ വിദ്യാഭ്യാസമുള്ളവരാണ്. അവര്‍ വിധിന്യായം വായിക്കുകയും അദ്ദേഹത്തെ കാര്യത്തില്‍ പിഴവ് പറ്റിയെന്നു മനസിലാക്കുകയും ചെയ്തവരാണ്. രാഷ്ട്രീയക്കാര്‍ക്ക് യുവാക്കളെ വിഡ്ഢിയാക്കാന്‍ കഴിയുന്നില്ലെന്നതില്‍ എനിക്കു സന്തോഷമുണ്ട്.” അവര്‍ പറയുന്നു.

അതീവ രഹസ്യമായി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെയും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബത്തിനു വിട്ടുകൊടുക്കാത്തിനെയും രൂക്ഷമായി വിമര്‍ശിച്ച് ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more