'ഗുജറാത്ത് തെരഞ്ഞെടുപ്പിന് പെരുത്ത് നന്ദി' ജി.എസ്.ടി നിരക്കു കുറച്ച മോദി സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് പി. ചിദംബരം
India
'ഗുജറാത്ത് തെരഞ്ഞെടുപ്പിന് പെരുത്ത് നന്ദി' ജി.എസ്.ടി നിരക്കു കുറച്ച മോദി സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th November 2017, 9:42 am

ന്യൂദല്‍ഹി: 177 ഉല്‍പ്പന്നങ്ങളുടെ ചരക്കുസേവന നികുതി 28%ത്തില്‍ നിന്നും 18% ആക്കി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം. ഗുജറാത്ത് തെരഞ്ഞെടുപ്പു വന്നത് നന്നായി എന്നു പറഞ്ഞാണ് ചിദംബരത്തിന്റെ പരിഹാസം.

ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. ജി.എസ്.ടിയ്‌ക്കെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്ന സ്ഥലമാണ് ഗുജറാത്ത്. ഗുജറാത്തിലെ സൂറത്തിലെ വ്യാപാരികള്‍ പ്രത്യക്ഷസമരവുമായി രംഗത്തുവരികയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ നിരക്കു കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.


Also Read:  ‘അഴിമതി കേസില്‍ എഫ്.ഐ.ആറില്‍ പേരുള്ള താങ്കള്‍ എങ്ങനെയാണ് ഈ കേസില്‍ വാദംകേള്‍ക്കുക?’ ജഡ്ജിമാര്‍ക്കെതിരായ അഴിമതിക്കേസില്‍ ചീഫ് ജസ്റ്റിസിനെ ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷണ്‍


” ഗുജറാത്തിന് നന്ദി. പാര്‍ലമെന്റിനും സാമാന്യബുദ്ധിയ്ക്കും ചെയ്യാന്‍ കഴിയാത്തത് നിങ്ങളുടെ തെരഞ്ഞെടുപ്പിന് സാധിച്ചു.” എന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

സര്‍ക്കാറിന് വൈകിവന്ന വിവേകം എന്നാണ് ഈ നടപടിയെ ചിദംബരം വിശേഷിപ്പിച്ചത്. ” ജി.എസ്.ടി നിരത്ത് 28% കുറച്ചു. ഈ സര്‍ക്കാര്‍ ഏറെ വൈകിയാണ് പാഠംപഠിച്ചത്.” എന്നും ചിദംബരം കുറിച്ചു.

കഴിഞ്ഞദിവസം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനു പിന്നാലെയാണ് 177 ഉല്‍പ്പന്നങ്ങളുടെ ചരക്കു സേവന നികുതി 28%ത്തില്‍ നിന്നും 18% ആയി കുറച്ചത്.