| Thursday, 7th June 2012, 5:21 pm

തിരഞ്ഞെടുപ്പ് കേസ്: ചിദംബരത്തെ വിചാരണ ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുര: തിരഞ്ഞെടുപ്പ് കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ വിചാരണ ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവഗംഗ മണ്ഡലത്തില്‍ ചിദംബരം നേടിയ വിജയത്തെ ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എ.ഐ.എഡി.എം.കെയിലെ ആര്‍.എസ് രാജ കണ്ണപ്പന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് രാജ കണ്ണപ്പന്‍ സമര്‍പ്പിച്ച ഹരജിയില്‍ പിശകുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി രജിസ്ട്രാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുമുള്ള ചിദംബരത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്.

തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ നിന്ന് 3354 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.ചിദംബരം വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചിദംബരത്തിന് 3,343,48 വോട്ടും മുഖ്യപ്രതിയോഗിയായ ആര്‍.എസ്.രാജകണപ്പന് (എ.ഡി.എം.കെ) 3,30994 വോട്ടും കിട്ടി. കുറഞ്ഞ വോട്ടിന് പരാജയപ്പെട്ട കണ്ണപ്പന്‍ കള്ളത്തരം കാണിച്ചാണ് ചിദംബരം തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചിലവഴിക്കാനായി വിവിധ ബാങ്കുകളില്‍ നിന്നും ചിദംബരം ഫണ്ട് ശേഖരിച്ചെന്നും കണ്ണപ്പന്‍ ഹരജിയില്‍ ആരോപിക്കുന്നു.

കൃത്രിമം നടത്തിയാണ് ചിദംബരം തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് രാജ കണ്ണപ്പന്‍ 2009 ജൂണ്‍ 25ന് ഹൈക്കോടതിയെ സമീപിച്ചത്.

മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകള്‍ വീണ്ടും എണ്ണണമെന്നും കണ്ണപ്പന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആലന്‍കുടി നിയമസഭാ മണ്ഡലത്തിലെ വോട്ടുകള്‍ പ്രത്യേകമായി എണ്ണണമെന്നും കണ്ണപ്പന്‍ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more