| Saturday, 9th March 2024, 8:56 am

കമല്‍ ഹാസന് മഞ്ഞുമ്മല്‍ ബോയ്‌സില്‍ അവസരം നല്‍കുകയാണെങ്കില്‍ ഞാന്‍ നല്‍കുന്ന കഥാപാത്രമിതാകും... ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ രണ്ടാമത്തെ സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ കമല്‍ ഹാസനെ കൊണ്ടുവരികയാണെങ്കില്‍ അത് സംവിധായകന്റെ റോളിലാകുമെന്ന് ചിദംബരം. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും നല്ല ഫിലിം മേക്കേഴ്‌സില്‍ ഒരാളാണെന്നും ചിദംബരം പറഞ്ഞു.

ഉലക നായകന് മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഒരു അവസരം നല്‍കുകയാണെങ്കില്‍ ഏത് കഥാപാത്രമാകും നല്‍കുകയെന്ന ചോദ്യത്തിന് മറുപടിയായാണ് ചിദംബരം ഈ കാര്യം പറഞ്ഞത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് ചാനലായ റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സിനിമ പതിയെ മുന്നോട്ട് പോകുമ്പോള്‍ കമല്‍ ഹാസനെന്ന ഫിലിം മേക്കര്‍ ഇന്ത്യന്‍ സിനിമയേക്കാള്‍ നൂറ് വര്‍ഷം മുന്നിലാണ് നില്‍ക്കുന്നതെന്നും ചിദംബരം പറയുന്നു.

‘മഞ്ഞുമ്മല്‍ ബോയ്‌സില്‍ കമല്‍ സാറിനെ കൊണ്ടുവരികയാണെങ്കില്‍ അത് ഡയറക്ടറിന്റെ റോളിലാകും. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും നല്ല ഫിലിം മേക്കേഴ്‌സില്‍ ഒരാളാണ്. അതില്‍ ഒരു സംശയവുമില്ല.

ഇന്ത്യന്‍ സിനിമ പതിയെ മുന്നോട്ട് പോകുകയാണ്. എന്നാല്‍ അദ്ദേഹം ഇന്ത്യന്‍ സിനിമയേക്കാള്‍ നൂറ് വര്‍ഷം മുന്നിലാണ് നില്‍ക്കുന്നത്,’ ചിദംബരം പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റിലീസിന് ശേഷം കമല്‍ ഹാസനെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം എന്താണ് സംസാരിച്ചത് എന്ന ചോദ്യത്തിനും ചിദംബരം അഭിമുഖത്തില്‍ മറുപടി പറയുന്നു.

‘കമല്‍ സാര്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുപാട് ഇഷ്ടമായെന്നാണ് പറഞ്ഞത്. സിനിമയില്‍ അദ്ദേഹത്തിന്റെ പേര് വന്നത് കൊണ്ടല്ല ഇഷ്ടമായതെന്നും പ്രത്യേകം പറഞ്ഞിരുന്നു. കണ്‍മണി സോങ് സൗഹൃദത്തിന് വേണ്ടി ആ സിനിമയില്‍ കൊണ്ടുവന്നതില്‍ കമല്‍ സാറിന് സന്തോഷമുണ്ട്.

പ്രത്യേകിച്ച് ഏതെങ്കിലും ഒരു സീനിനെ കുറിച്ച് മാത്രമായി അദ്ദേഹം സംസാരിച്ചിട്ടില്ല. എനിക്ക് അദ്ദേഹത്തിന്റെ കൂടെ കുറേസമയം സംസാരിച്ചിരിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. എന്നാല്‍ പടത്തിലെ എല്ലാ സീനിനെ കുറിച്ചും അദ്ദേഹത്തോട് സംസാരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

കമല്‍ സാര്‍ ഇതിനിടയില്‍ കേവില്‍ നിന്ന് കിട്ടിയ കുരങ്ങുകളുടെ തലയോട്ടിയെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു. പിന്നെ അദ്ദേഹം ഒരു കാര്യം പറഞ്ഞു, കമല്‍ സാര്‍ ഗുണാ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 33 ആയിരുന്നു.

എന്റെ ഇന്നത്തെ പ്രായം 33 ആണ്. ഗുണാ സിനിമക്കും മഞ്ഞുമ്മല്‍ ബോയ്‌സിനും ഇടയിലുള്ള ഗ്യാപ്പും 33 വര്‍ഷമാണ്. എല്ലാം 33 ആണ്,’ ചിദംബരം പറഞ്ഞു.


Content Highlight: Chidambaram talks about the character he give to Kamal Haasan in Manjummel Boys

We use cookies to give you the best possible experience. Learn more