ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണിത്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ്, ദീപക് പറമ്പോല്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്സിനുണ്ട്.
മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റുന്ന സിനിമയായിരിക്കുമെന്ന് സുഷിന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ചിദംബരവും സൗബിന്‍ ഷാഹിറും.
ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കുറച്ച് കാശ് ചെലവായെങ്കിലും സുഷിന്‍ ശ്യാമിനെ കൊണ്ട് താന്‍ അങ്ങനെ പറയിപ്പിച്ചതാണ് എന്നായിരുന്നു ചിദംബരം പറഞ്ഞത്.
‘അത് സുഷിനെ കൊണ്ട് പറയിപ്പിച്ചതാണ്. കുറച്ച് കാശ് ചെലവായെങ്കിലും കുഴപ്പമില്ലെന്ന് കരുതിയാണ് അങ്ങനെ പറയിപ്പിച്ചത്,’ ചിദംബരം പറഞ്ഞു.
തങ്ങളുടെ എനര്‍ജി തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നെടുന്തൂണെന്നും പതിനൊന്ന് സുഹൃത്തുക്കളുടെ ഇടയില്‍ നടന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥയെന്നും സൗബിന്‍ പറയുന്നു.
വളരെ സന്തോഷത്തോടെയും എനര്‍ജിയോടെയും കാണാന്‍ കഴിയുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സെന്ന് പറയുന്ന സൗബിന്‍ സുഷിന്‍ പറഞ്ഞതിനോട് താന്‍ നൂറ് ശതമാനം യോജിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
‘ഈ ഒരു എനര്‍ജി തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നെടുന്തൂണ്. പതിനൊന്ന് സുഹൃത്തുക്കളുടെ ഇടയില്‍ നടന്ന സംഭവങ്ങളാണ് കഥ. അത് വളരെ സന്തോഷത്തോടെയും എനര്‍ജിയോടെയും കാണാന്‍ കഴിയും.
സുഷിന്‍ പറഞ്ഞതിനോട് ഞാന്‍ നൂറ് ശതമാനം യോജിക്കുന്നുണ്ട്. നല്ല ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയാകും ഈ സിനിമ,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.
Content Highlight: Chidambaram Talks About Sushin Shyam