കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങിയത്.
മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ മകനായ ചന്തു സലിംകുമാറും മഞ്ഞുമ്മല്‍ ബോയ്സില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സലിംകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ടീം.
താന്‍ ഒരു ദിവസം സലിംകുമാറിന്റെ വീട്ടില്‍ പോയപ്പോള്‍ സിനിമയുടെ ലൊക്കേഷനിലേക്ക് വരാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടിയെ കുറിച്ചാണ് സംവിധായകന്‍ ചിദംബരം പറയുന്നത്.
‘ഞാന്‍ സലീമേട്ടന്റെ വീട്ടില്‍ പോയിരുന്നു. അന്ന് മഞ്ഞുമ്മല്‍ ബോയ്സിന്റെ ലൊക്കേഷനിലേക്ക് ഒരു ദിവസം വരണമെന്ന് ഞാന്‍ പറഞ്ഞു. ഉടനെ തന്ന മറുപടി ‘പൈസ തന്ന് ആളുകള്‍ വിളിച്ചിട്ട് ഞാന്‍ പോയില്ല, പിന്നെയാണ് നിന്റെ ലൊക്കേഷനില്‍ വരുന്നത്’ എന്നായിരുന്നു,’ ചിദംബരം പറഞ്ഞു.
താന്‍ ഒരുതവണ സലിംകുമാറുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ മക്കളെ കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയെ കുറിച്ചാണ് സൗബിന്‍ ഷാഹിര്‍ പറഞ്ഞത്.
‘ഞാന്‍ ഇടക്ക് സലിംക്കയെ വിളിക്കാറുണ്ട്. അപ്പോള്‍ മക്കളൊക്കെ എന്തുചെയ്യുന്നു എന്ന് ചോദിച്ചാല്‍ പറയാറുള്ളത് ‘അവര് ഇവിടെ ഉണ്ടെടാ, അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടക്കുന്നുണ്ട്. പക്ഷേ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല’ എന്നാണ്,’ സൗബിന്‍ പറഞ്ഞു.
സലിംകുമാര്‍ ഒരു തവണ മഞ്ഞുമ്മല്‍ ബോയ്സിന്റെ ലൊക്കേഷനില്‍ വന്നിരുന്നെന്നും ആ ദിവസം മുഴുവന്‍ തങ്ങളുടെ കൂടെ നിന്നിരുന്നെന്നും ബാലു വര്‍ഗീസ് പറയുന്നു. അന്ന് തങ്ങള്‍ക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് വരില്ലെന്ന് പറഞ്ഞതിന് തങ്ങള്‍ എങ്ങനെയാണ് താരത്തോട് പകരം വീട്ടിയതെന്നാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ കാസ്റ്റിങ്ങ് ഡയറക്ടര്‍ കൂടെയായ ഗണപതി പറയുന്നത്.
‘ഞങ്ങള്‍ അതിന് വേണ്ടി ഒരു ദിവസം രാത്രി സലിമേട്ടന്റെ വീട്ടില്‍ പോയി ഇരുന്ന് പകരം വീട്ടിയിരുന്നു,’ ഗണപതി പറഞ്ഞു.
Content Highlight: Chidambaram Talks About Salimkumar