ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കേരളത്തില്‍ വലിയ വിജയമായ ഈ ചിത്രം തമിഴ് സിനിമാപ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്‌നാട് തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ചിദംബരം.
‘എന്റെ ആദ്യ സിനിമ ജാന്‍-ഏ-മന്‍ ആയിരുന്നു. ആ സിനിമയുടെ കോ-പ്രൊഡ്യൂസറാണ് ഷോണ്‍. അവന്‍ മഞ്ഞുമ്മലില്‍ ഒരു പ്രൊഡ്യൂസറായിരുന്നു. ഷോണിന്റെ പരിചയക്കാരായിരുന്നു യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ്.
അവനാണ് എന്നോട് ഇങ്ങനെ ഒരു കഥയുണ്ട്, ശരിക്കും നടന്ന സംഭവമാണെന്ന് പറയുന്നത്. നമ്മളെ പോലെയുള്ള പിള്ളേരാണെന്നും പറഞ്ഞു. എന്താണ് അന്ന് സംഭവിച്ചതെന്ന് അറിഞ്ഞു വന്നാലോയെന്നും ചോദിച്ചു. അങ്ങനെയാണ് ഞാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിനെ കാണാന്‍ പോകുന്നത്.
അന്ന് ഞാന്‍ കുട്ടന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. ആ സമയത്ത് അവര്‍ എല്ലാവരും അവിടെ ഉണ്ടായിരുന്നില്ല. എഴോ എട്ടോ ആളുകളായിരുന്നു ഉണ്ടായിരുന്നത്. കൂട്ടത്തില്‍ സുഭാഷുമുണ്ടായിരുന്നു. എനിക്ക് അവരെ ആരെയും അറിയില്ലായിരുന്നു. ആദ്യമായാണ് എല്ലാവരെയും കാണുന്നത്.
ഓരോരുത്തര്‍ക്കും കൈ കൊടുക്കുന്നതിന്റെ ഇടയില്‍ സുഭാഷിന്റെ അടുത്തെത്തിയപ്പോള്‍ ഇവനാണ് പോയി വന്നവനെന്ന് ആരോ പറഞ്ഞു. അങ്ങനെ പറഞ്ഞത് കേട്ട് എനിക്ക് എന്തോ സ്ട്രേഞ്ച് ഫീലായിരുന്നു ഉണ്ടായത്. പിന്നീട് എല്ലാവരും ചേര്‍ന്ന് അന്ന് നടന്ന കാര്യങ്ങളൊക്കെ ചുരുക്കത്തില്‍ പറഞ്ഞു തരികയായിരുന്നു,’ ചിദംബരം പറഞ്ഞു.
തിയേറ്ററില്‍ വന്‍ വിജയമായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്.
Content Highlight: Chidambaram Talks About Real Manjummel Boys