| Friday, 8th March 2024, 5:31 pm

'അതൊരു ഡോക്യൂസീരീസാകില്ല' മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മേക്കിങ്ങ് ഡോക്യുമെന്ററി വൈകുന്നതിന്റെ കാരണം വ്യക്തമാക്കി ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തിന്റെ മേക്കിങ്ങ് ഒരു ഡോക്യുമെന്ററിയായി റിലീസ് ചെയ്യുമെന്ന് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ചിദംബരം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് ചാനലായ റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷമാകും ഡോക്യുമെന്ററി വരുന്നതെന്നും അല്ലെങ്കില്‍ അത് ഒ.ടി.ടി റിലീസിനെ ബാധിക്കുമെന്നും ചിദംബരം പറഞ്ഞു.

‘മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മേക്കിങ്ങ് ഒരു ഡോക്യുമെന്ററിയായി റിലീസ് ചെയ്യും. എന്നാല്‍ അത് സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷമാകും വരുന്നത്. അല്ലെങ്കില്‍ അത് ഒ.ടി.ടി റിലീസിനെ ബാധിക്കും.

അതില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ എല്ലാ പ്രോസസും ഉണ്ടാകും. ആ സിനിമയില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ആളുകള്‍ മുഴുവനും ആ ഡോക്യുമെന്ററിയില്‍ ഉണ്ടാകും.

സിനിമയിലെ വി.എഫ്.എക്‌സും സൗണ്ട് ഡിസൈനിനെ കുറിച്ചുമൊക്കെ അതില്‍ പറയും. സിനിമയില്‍ സൗണ്ടിന് വേണ്ടി ഒരു പുതിയ ഇന്‍സ്ട്രുമെന്റ് പോലും ഉണ്ടാക്കിയിരുന്നു.

എല്ലാം ആ ഡോക്യുമെന്ററിയിലുണ്ടാകും. അത് പുറത്ത് വരുന്നതിന് മുമ്പ് സിനിമ ഒ.ടി.ടിയില്‍ വരണം. ഇത് ഒരു ഡോക്യൂസീരീസായിട്ടല്ല വരുന്നത്. ഒന്നോ ഒന്നര മണിക്കൂറോ വരുന്ന വീഡിയോയാണ്. അതില്‍ ടെക്‌നിഷ്യന്‍സിന്റെയൊക്കെ ഇന്റര്‍വ്യൂസുമുണ്ടാകും,’ ചിദംബരം പറയുന്നു.

പതിനൊന്ന് യുവാക്കളുടെ കഥയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് പറഞ്ഞിരുന്നത്. ഈ സിനിമ കേരളത്തിലും തമിഴ്നാട്ടിലുമുള്ള തിയേറ്ററുകളില്‍ വന്‍ വിജയമാണ്.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്.


Content Highlight: Chidambaram Talks About Manjummel Boys’s Documentry

We use cookies to give you the best possible experience. Learn more