|

ആ കമല്‍ ഹാസന്‍ ചിത്രത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും ആശ്ചര്യമുണ്ട്: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസന്റെ ഗുണാ സിനിമയുടെ സമയത്ത് കേവിന്റെ അകത്ത് വെച്ച് എങ്ങനെയാകും അവര്‍ ആ പടം ഷൂട്ട് ചെയ്തതെന്ന കാര്യത്തില്‍ തനിക്ക് ഇപ്പോഴും ആശ്ചര്യമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ചിദംബരം.

മഞ്ഞുമ്മല്‍ ബോയ്സിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് യൂട്യൂബ് ചാനലായ ചിയേഴ്സ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

‘ഗുണാ സിനിമയുടെ സമയത്ത് എങ്ങനെയാകും അവര്‍ കേവിന്റെ അകത്ത് ആ പടം ഷൂട്ട് ചെയ്തതെന്ന കാര്യത്തില്‍ എനിക്ക് ഇപ്പോഴും ആശ്ചര്യമുണ്ട്. അന്ന് ഇത്രയും ടെക്നോളജിയോ എല്‍.ഇ.ഡി ലൈറ്റ്സോ ഒന്നും തന്നെയില്ലാത്ത കാലമാണ്.

ഞങ്ങള്‍ അവിടെ ഷൂട്ട് ചെയ്തത് കൊണ്ട് അതിനകത്ത് എത്ര ദൂരം കേബിളടിക്കാന്‍ കഴിയുമെന്ന് എനിക്ക് അറിയാവുന്നതാണ്. ഞങ്ങളുടെ കയ്യില്‍ ലൈറ്റ്സും എല്‍.ഇ.ഡിയുമൊക്കെ ഉണ്ടായിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

എന്നാല്‍ ആ കാലത്ത് ഗുണാ സിനിമയില്‍ കമല്‍ സാര്‍ പാറയുടെ അടുത്ത് വെച്ചൊക്കെ ചെയ്ത ചില സീനുകളുണ്ട്. ഇന്ന് ആ ഏരിയയുടെ അടുത്തേക്ക് പോകാന്‍ പോലും നമുക്ക് പറ്റില്ല. അത്രക്കും അപകടകരമാണ് അവിടെ.

കമല്‍ സാര്‍ ആ പാട്ടില്‍ ചെയ്തത് പോലെ ബൂട്ട്സൊക്കെയിട്ട് പാറയുടെ അടുത്ത് അങ്ങനെ നില്‍ക്കാനേ കഴിയില്ല. അങ്ങനെ ഒരു സീന്‍ ചെയ്യാന്‍ കമല്‍ സാറിനെ പോലെ കുറച്ച് കിറുക്കുണ്ടെങ്കില്‍ മാത്രമേ കഴിയുള്ളൂ,’ ചിദംബരം പറഞ്ഞു.

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.


Content Highlight: Chidambaram Talks About Gunaa Movie