ഷൂട്ടിങ്ങ്‌ ഗുണാ കേവിലായിരുന്നെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അടുത്ത ഭാഗമെടുക്കേണ്ടി വന്നേനെ: ചിദംബരം
Film News
ഷൂട്ടിങ്ങ്‌ ഗുണാ കേവിലായിരുന്നെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അടുത്ത ഭാഗമെടുക്കേണ്ടി വന്നേനെ: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd March 2024, 5:14 pm

തങ്ങള്‍ക്ക് വേണമെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഗുണാ കേവിന്റെ അകത്ത് വെച്ച് ഷൂട്ട് ചെയ്യാമായിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ ചിദംബരം. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അടുത്ത ഭാഗമെടുക്കേണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

ഗുണാ കേവിലായിരുന്നു മഞ്ഞുമ്മലിന്റെ ഷൂട്ടിങ്ങെങ്കില്‍ രാത്രി ആളുകളുടെ എണ്ണമെടുക്കുമ്പോള്‍ ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും അത്രയും അപകടമാണ് ഗുണാ കേവെന്നും ചിദംബരം പറയുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി ദ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് ഒരുപാട് ടെക്‌നോളജിയും എല്‍.ഇ.ഡി ലൈറ്റുകളും ബാറ്ററികളുമുണ്ട്. മുമ്പത്തേതില്‍ നിന്നും എല്ലാം മാറി. ഫിലിം മേക്കിങ്ങൊക്കെ ഒരുപാട് മാറിയിട്ടുണ്ട്. എന്നിട്ട് പോലും നമുക്ക് ഗുണാ കേവിന്റെ അകത്ത് ഷൂട്ട് ചെയ്യാന്‍ കഴിയുന്നില്ല.

അപ്പോഴാണ് തൊണ്ണൂറുകളില്‍ വലിയ ലൈറ്റും ജനറേറ്റര്‍ കേബിളുമൊക്കെയായി ഒരുപാട് ആളുകളെ വെച്ച് ഗുണാ പോലെ ഒരു പടമെടുത്തത്. ഒന്നോ രണ്ടോ സീനല്ല അന്ന് അവര്‍ ഷൂട്ട് ചെയ്തിട്ടുള്ളത്. ഒരു പാട്ട് ഉള്‍പ്പെടെ അതിനകത്ത് വെച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്.

അതെങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല. വളരെ പ്രയാസമുള്ള കാര്യമാണ് അതിനകത്ത് ഷൂട്ട് ചെയ്യുകയെന്നുള്ളത്. നമുക്ക് വേണമെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ആ കേവിന്റെ ഉള്ളില്‍ വെച്ച് ഷൂട്ടിങ് നടത്താമായിരുന്നു.

പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അടുത്ത ഭാഗമെടുക്കേണ്ടി വന്നേനെ. കാരണം രാത്രി ആളുകളുടെ എണ്ണമെടുക്കുമ്പോള്‍ ഒരാള്‍ കുറവുണ്ടാകും. അത്രയും അപകടമാണ് അവിടെ. നമ്മള്‍ എവിടെ കാല് വെക്കാനും ആദ്യം വഴി പഠിക്കണം.

മിക്ക സ്ഥലങ്ങളിലും ഗ്രില്ല് ഇട്ടിട്ടുണ്ടാകും. എന്നാല്‍ വര്‍ഷങ്ങളായി ഇലയും മണ്ണും മറ്റുമടിഞ്ഞിട്ട് കാണുമ്പോള്‍ നിലം പോലെയിരിക്കും. മാത്രമല്ല താഴത്തെ ഗ്രില്ല് ദ്രവിച്ചിട്ടുമുണ്ടാകും. നമ്മള്‍ നിലത്ത് ചവിട്ടിയാലും അത് പൊളിഞ്ഞു താഴേക്ക് പോകും,’ ചിദംബരം പറഞ്ഞു.

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

Content Highlight: Chidambaram Talks About Gunaa Cave