| Thursday, 7th March 2024, 5:15 pm

കമ്മ്യൂണിക്കേഷന്‍ ഗ്യാപ് വന്നതോടെ സൗബിന്റെ മേലുള്ള കയര്‍ വലിഞ്ഞു മുറുകി; അവന്‍ സ്പ്ലിറ്റായി പോവേണ്ടതായിരുന്നു: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്‌സില്‍ കുഴിയില്‍ നിന്ന് ശ്രീനാഥ് ഭാസിയെ രക്ഷിക്കുന്ന സീനില്‍ സൗബിനാണോ ശ്രീനാഥ് ഭാസിയാണോ ഏറ്റവും കഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ചിദംബരം.

ആ സീനില്‍ ഭാസിയേക്കാള്‍ കഷ്ടപ്പെട്ടത് സൗബിനാണെന്നും സൗബിന്റെ ആരോഗ്യമില്ലായിരുന്നെങ്കില്‍ ആ സീന്‍ നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അത്രയും പ്രയാസമായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്യാനെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

കുഴിയില്‍ നിന്നുള്ള സീന്‍ ചെയ്യുന്നതിന്റെ ഇടയില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് വന്ന് ഭാസിയെ താഴേക്കും സൗബിനെ മുകളിലേക്കും വലിച്ചുവെന്നും ആ സമയം സൗബിന്റെ ശരീരത്തിലുള്ള കയറ് വലിഞ്ഞു മുറുകിയെന്നും അദ്ദേഹം പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

‘സൗബിനാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത്. അവന് അത്രയും ഇറക്കം ഇറങ്ങിയ ശേഷം പിന്നെ തിരിച്ചു കയറണം. അവന്റെ ആരോഗ്യം ഇല്ലായിരുന്നെങ്കില്‍ ആ സീന്‍ നടക്കില്ലായിരുന്നു. നല്ല പ്രയാസമായിരുന്നു അത്.

ജീവന്‍ പണയം വെച്ച് തന്നെയാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. വളരെ കോംപ്ലികേറ്റഡായ റോപ്പ് സിസ്റ്റമായിരുന്നു. ഒരുപാട് ടെക്നിക്കലാണ്. വലിക്കാനായി നാലഞ്ച് പുള്ളീസും മറ്റുമുണ്ട്. വിഷ്വലി കാണുന്ന ഒരു റോപ്പുണ്ട്. അതല്ലാതെയുള്ള റോപ്പ്സുമുണ്ട്.

പിന്നെ ഭാസിയെ തിരിച്ച് കയറ്റുന്ന സമയം രണ്ട് റോപ്പുകളുണ്ട്. ഈ രണ്ട് റോപ്പുകള്‍ മുകളില്‍ പുള്ളീസിലേക്ക് പോയി പലതാകും.

ആ സീന്‍ ചെയ്യുന്നതിന്റെ ഇടയില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് വന്നിട്ട് ഭാസിയെ താഴേക്കും സൗബിനെ മുകളിലേക്കും വലിച്ചു. ആ സമയത്ത് സൗബിന്റെ ശരീരത്തിലുള്ള റോപ്പ് ആകെ വലിഞ്ഞു മുറുകി. ആള് സ്പ്ലിറ്റായി പോവേണ്ടതായിരുന്നു. അത്രയും പ്രഷറായിരുന്നു അതില്‍,’ ചിദംബരം പറഞ്ഞു.

Content Highlight: Chidambaram Talks About Cave Scene Of Soubin Shahir

We use cookies to give you the best possible experience. Learn more