മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ശേഷം കമല്‍ ഹാസനും ഗുണാ സിനിമയുടെ സംവിധായകന്‍ സന്താന ഭാരതിയും മഞ്ഞുമ്മല്‍ ബോയ്സ് ടീമിനെ ചെന്നൈയിലേക്ക് വിളിപ്പിച്ചിരുന്നു.
കമല്‍ ഹാസനെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം എന്താണ് സംസാരിച്ചത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ചിദംബരം.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് ചാനലായ റെഡ്നൂലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കമല്‍ സാര്‍ മഞ്ഞുമ്മല്‍ ബോയ്സ് ഒരുപാട് ഇഷ്ടമായെന്നാണ് പറഞ്ഞത്. സിനിമയില്‍ അദ്ദേഹത്തിന്റെ പേര് വന്നത് കൊണ്ടല്ല ഇഷ്ടമായതെന്നും പ്രത്യേകം പറഞ്ഞിരുന്നു. കണ്‍മണി സോങ് സൗഹൃദത്തിന് വേണ്ടി ആ സിനിമയില്‍ കൊണ്ടുവന്നതില്‍ കമല്‍ സാറിന് സന്തോഷമുണ്ട്.
പ്രത്യേകിച്ച് ഏതെങ്കിലും ഒരു സീനിനെ കുറിച്ച് മാത്രമായി അദ്ദേഹം സംസാരിച്ചിട്ടില്ല. എനിക്ക് അദ്ദേഹത്തിന്റെ കൂടെ കുറേസമയം സംസാരിച്ചിരിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. എന്നാല്‍ പടത്തിലെ എല്ലാ സീനിനെ കുറിച്ചും അദ്ദേഹത്തോട് സംസാരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
കമല്‍ സാര്‍ ഇതിനിടയില്‍ കേവില്‍ നിന്ന് കിട്ടിയ കുരങ്ങുകളുടെ തലയോട്ടിയെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു. പിന്നെ അദ്ദേഹം ഒരു കാര്യം പറഞ്ഞു, കമല്‍ സാര്‍ ഗുണാ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 33 ആയിരുന്നു.
എന്റെ ഇന്നത്തെ പ്രായം 33 ആണ്. ഗുണാ സിനിമക്കും മഞ്ഞുമ്മല്‍ ബോയ്സിനും ഇടയിലുള്ള ഗ്യാപ്പും 33 വര്‍ഷമാണ്. എല്ലാം 33 ആണ്,’ ചിദംബരം പറഞ്ഞു.
ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഈ സിനിമ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള തിയേറ്ററുകളില്‍ വന്‍ വിജയമാണ്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു ഇത്.
Content Highlight: Chidambaram Talks About 33 Sentiments With Manjummel Boys And Kamal Haasan