ന്യൂദല്‍ഹി: 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം നല്‍കിയ ഡി.എസ് ഹൂഡയ്ക്ക് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല നല്‍കിയ കോണ്‍ഗ്രസിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ബി.ജെ.പി നേതാക്കളെ പരിഹസിച്ച് പി.ചിദംബരം. ബി.ജെ.പിക്ക് മിസ്റ്റര്‍ മോദിയുള്ളപ്പോള്‍ പിന്നെന്തിനാണ് ഉപദേഷ്ടാക്കള്‍ എന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം. മോദിയുടെ ഏകാധിപത്യ ഭരണശൈലിയെ ചിദംബരം മുമ്പും വിമര്‍ശിച്ചിട്ടുണ്ടായിരുന്നു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയാണ് ടാസ്‌ക് ഫോഴ്‌സ്. ഇതിന്റെ നേതൃത്വം ഡി.എസ്.ഹൂഡയ്ക്കായിരുന്നു നല്‍കിയത്. കോണ്‍ഗ്രസിനെ പോലെ വര്‍ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു പാര്‍ട്ടിക്ക് ദേശീയ സുരക്ഷയെക്കുറിച്ച് ക്ലാസെടുക്കാന്‍ പുറത്തു നിന്നൊരാള്‍ വേണമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പരിഹസിച്ചിരുന്നു. പാര്‍ട്ടിക്ക് സ്വന്തമായി ആശയമില്ലാത്ത സാഹചര്യത്തിലാണ് മുന്‍ ആര്‍മി കമാന്‍ഡറെ കോണ്‍ഗ്രസ് ഇതിനായി ചുമതലപ്പെടുത്തിയതെന്ന് സുബ്രഹ്മണ്യ സ്വാമിയും പറഞ്ഞിരുന്നു.
Mr Jaitley has debunked the Congress for requesting General Hooda to advise on national security.
He should have added BJP needs no advice because it has Mr Modi.— P. Chidambaram (@PChidambaram_IN) February 23, 2019
“ദേശീയ സുരക്ഷയെക്കുറിച്ച് ജനറല്‍ ഹൂഡയില്‍ നിന്ന് ഉപദേശം തേടിയ കോണ്‍ഗ്രസിനെ ജെയ്റ്റ്‌ലി പരിഹസിക്കുന്നു. ബി.ജെ.പി ആരുടേയും ഉപദേശം ആവശ്യമില്ല, കാരണം ഞങ്ങള്‍ക്ക് മിസ്റ്റര്‍ മോദി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കണമായിരുന്നു”- ചിദംബരം ട്വീറ്റ് ചെയ്തു.
BJP does not need someone like Dr Raghuram Rajan to head the RBI, because it has Mr Modi.
— P. Chidambaram (@PChidambaram_IN) February 23, 2019
“രഘുറാം രാജനെപ്പോലൊരാളെ ബി.ജെ.പിക്ക് ആര്‍.ബി.ഐയുടെ തലപ്പത്ത് ആവശ്യമില്ല. കാരണം അവര്‍ക്ക് മോദിയുണ്ടല്ലോ. ബി.ജെ.പിക്ക് പ്ലാനിങ്ങ് കമ്മീഷന്റെയോ ദേശീയ സ്ഥിതിവിവര സമിതിയുടെയോ ആവശ്യമില്ല, കാരണം അവര്‍ക്ക് മോദിയുണ്ടല്ലോ”- തന്റെ ട്വീറ്റ് പരമ്പരകളില്‍ ചിദംബരം പറയുന്നു.
Actually, BJP does not need a Cabinet, because it has Mr Modi.
— P. Chidambaram (@PChidambaram_IN) February 23, 2019
മോദി ഉള്ളതിനാല്‍ ബി.ജെ.പിക്ക് മന്ത്രിസഭ പോലും ആവശ്യമില്ലെന്നും ചിദംബരം പരിഹസിക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്നും, രാഷ്ട്രീയവത്കരിക്കുകയാണെന്നുമുള്ള ഹൂഡയുടെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു.