| Saturday, 9th March 2019, 1:11 pm

മോഷണമുതല്‍ കള്ളന്‍ തിരികെ തന്നോ? ; റഫാല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പിയാണ് ഉപയോഗിച്ചതെന്ന കേന്ദ്രത്തിന്റെ പുതിയ വാദത്തെ പരിഹസിച്ച് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ രേഖകള്‍ മോഷണം പോയെന്ന വാദം വിവാദമായതോടെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ നിലപാട് തിരുത്തിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. വിവാദമായപ്പോള്‍ മോഷണവസ്തു കള്ളന്‍ തിരികെ ഏല്‍പ്പിച്ചോ എന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം.

ബുധനാഴ്ച പറയുന്നു രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന്. വെള്ളിയാഴ്ചയാകുമ്പോള്‍ രേഖകള്‍ ഫോട്ടോകോപ്പിയാണ് എന്നായി. എനിക്ക് തോന്നുന്നത് വ്യാഴാഴ്ച തന്നെ കള്ളന്‍ മോഷ്ടിച്ച മുതല്‍ തിരികെ ഏല്‍പ്പിച്ചെന്നാണ്- ചിദംബരം ട്വിറ്ററില്‍ പറഞ്ഞു.

റഫാല്‍ രേഖകള്‍ മോഷണം പോയി എന്നായിരുന്നു അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ആദ്യം പറഞ്ഞത്. എന്നാല്‍ നിലപാട് വിവാദമായതോടെ റഫാല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ പുനഃപരിശോധനാഹര്‍ജിയില്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് നിലപാട് മാറ്റി.


മതില്‍ കെട്ടാനും ജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും മാത്രം പെണ്ണുങ്ങളെ വേണം എന്നാണോ പാര്‍ട്ടി ഉദ്ദേശിക്കുന്നത്: ശാരദക്കുട്ടി


“”പ്രതിരോധമന്ത്രാലയത്തിലെ രേഖകള്‍ മോഷണം പോയി എന്ന് സുപ്രീംകോടതിയില്‍ വാദിച്ചെന്ന പേരില്‍ പ്രതിപക്ഷം വലിയ രാഷ്ട്രീയവിവാദങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് തെറ്റാണ്. രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന വാദം സമ്പൂര്‍ണമായും തെറ്റാണ്.”” എന്നായിരുന്നു കെ.കെ വേണുഗോപാല്‍ പറഞ്ഞത്.

യഥാര്‍ഥ രേഖകളുടെ “ഫോട്ടോകോപ്പി” പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം ഉപയോഗിച്ചെന്നും പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ഈ രേഖകളുടെ ഫോട്ടോകോപ്പി പുറത്ത് പോയെന്ന് മാത്രമാണ് താനുദ്ദേശിച്ചതെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞിരുന്നു.

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്നാണ് മാര്‍ച്ച് ആറിന് കേന്ദ്രസര്‍ക്കാരിന് വേണ്ടി എ.ജി കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ദി ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍. റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണെന്നും ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞിരുന്നു.

പ്രതിരോധമന്ത്രാലയത്തില്‍ തന്നെയുള്ള ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും എ.ജി കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല, പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തില്‍ വന്നതെന്നും ഇതും കുറ്റകരമാണെന്നും എ.ജി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ കോടതിയില്‍ നിന്ന് എ.ജിയ്ക്ക് കേള്‍ക്കേണ്ടി വന്നത്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യനിയമത്തിന്റെ പേരില്‍ രക്ഷപ്പെടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെ പ്രതിപക്ഷം പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും എതിരെ രംഗത്തെത്തിയിരുന്നു. മോദിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു. കേസ് ഇനി ഈ മാസം 14-ന് പരിഗണിക്കാനിരിക്കെയാണ് അറ്റോര്‍ണി ജനറല്‍ നിലപാട് തിരുത്തുന്നത്.

We use cookies to give you the best possible experience. Learn more